കൊവിഡ്: മലപ്പുറത്ത് രോഗം ഭേദമായ ഒരാള്‍കൂടി ആശുപത്രി വിട്ടു
തിരൂര്‍ ആലിന്‍ചുവട് സ്വദേശി മുണ്ടേക്കാട്ട് സുനില്‍ റഫീഖ് (51) ആണ് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് വിദഗ്ധചികില്‍സയ്ക്കും നിരീക്ഷണത്തിനും ശേഷം രോഗമുക്തനായ ഒരാള്‍കൂടി ആശുപത്രി വിട്ടു. തിരൂര്‍ ആലിന്‍ചുവട് സ്വദേശി മുണ്ടേക്കാട്ട് സുനില്‍ റഫീഖ് (51) ആണ് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഒമ്പതായി. രണ്ട് പേര്‍കൂടി രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇവരും വൈറസ് ബാധയുള്ള എട്ടുപേരുമാണ് നിലവില്‍ ഐസൊലേഷനിലുള്ളത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് രോഗമുക്തനായി സുനില്‍ റഫീഖ് ഐസൊലേഷന്‍ കേന്ദ്രത്തിനു പുറത്തെത്തിയത്. ദുബയില്‍നിന്ന് നാട്ടിലെത്തിയപ്പോഴും രോഗബാധ സ്ഥിരീകരിച്ച ശേഷവും തനിക്ക് സര്‍ക്കാര്‍ ഒരുക്കിയ കരുതലും വിദഗ്ധചികില്‍സയുമാണ് പുതുജീവിതത്തിലേക്ക് വഴിതുറന്നതെന്ന് സുനില്‍ പറഞ്ഞു. കൊവിഡ്, ലോകമാകെ ഭീഷണിയാവുമ്പോള്‍ ആദ്യം ഭയമായിരുന്നു. എന്നാല്‍, കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഒരുക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നേരിട്ട് അനുഭവിച്ചതോടെ രോഗം അതിജീവിക്കാനാവുമെന്ന് വിശ്വാസമായി. തനിക്കും കുടുംബത്തിനും നാടിനും ജാഗ്രതയോടെ കരുതലൊരുക്കുന്നവര്‍ക്കെല്ലാം സുനില്‍ റഫീഖ് നന്ദി പറഞ്ഞു.
മാര്‍ച്ച് 18നാണ് ദുബയില്‍നിന്ന് ഇയാള്‍ നാട്ടിലെത്തിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുന്നതിനിടെ വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഏപ്രില്‍ ഒന്നിന് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന റഫീഖിനെ യാത്രയാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ വി നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ്ബാബു, ലെയ്സണ്‍ ഓഫിസര്‍ ഡോ. ഷാഹുല്‍ ഹമീദ്, ചികില്‍സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരെല്ലാം എത്തിയിരുന്നു.
എല്ലാവരോടും യാത്രപറഞ്ഞ് 108 ആംബുലന്‍സില്‍ റഫീഖ് മടങ്ങി. വീട്ടിലെത്തിയാലും പ്രത്യേക നിരീക്ഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മികച്ചപ്രവര്‍ത്തനമാണ് ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ജില്ലയില്‍ വിജയം കാണുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തില്‍ വരുന്നവരുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍, ആരോഗ്യജാഗ്രത കൈവിടരുതെന്നും രോഗവ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.