സംസ്ഥാനത്ത് കൃത്രിമമായി ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ കുത്തകകള്‍ ശ്രമിക്കുന്നു: പി ടി തോമസ്

കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ കുത്തക വിതരണാവകാശം കഞ്ചിക്കോട്ടെ ഒരു കമ്പനിക്കാണെന്നും, ഈ കമ്പനി ഒരു മുന്‍ ആരോഗ്യ മന്ത്രിയുടെ ബന്ധുക്കളുടേതാണെന്നും പി ടി തോമസ് ആരോപിച്ചു.

Update: 2021-05-04 12:02 GMT

കൊച്ചി: സംസ്ഥാനത്ത് കൃത്രിമമായി ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുന്നില്ലെങ്കില്‍ ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തിലും ദാരുണ മരണങ്ങള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തൃക്കാക്കരയിലെ നിയുക്ത എംഎല്‍എ പി ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ കുത്തക വിതരണാവകാശം കഞ്ചിക്കോട്ടെ ഒരു കമ്പനിക്കാണെന്നും, ഈ കമ്പനി ഒരു മുന്‍ ആരോഗ്യ മന്ത്രിയുടെ ബന്ധുക്കളുടേതാണെന്നും പി ടി തോമസ് ആരോപിച്ചു. എങ്ങനെ മുന്‍ മന്ത്രികുടുംബത്തിന് ഓക്സിജന്‍ വിതരണാവകാശം കുത്തകയായി ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഓക്സിജന്‍ മരുന്നായാണ് കണക്കാക്കുന്നത്. മരുന്ന് വിതരണം കുത്തകയാക്കാന്‍ നിയമം അനുവദിക്കുന്നില്ല. കേരളത്തിന് പ്രതിദിനം 200 ടണ്‍ മെഡിക്കല്‍ ഓക്സിജനാണ് ആവശ്യമുള്ളത്. ഇതില്‍ 150 ടണ്‍ ഉല്‍പാദിപ്പിക്കുന്നത് കഞ്ചിക്കോട്ടെ മറ്റൊരു കമ്പനിയാണ്. കെഎംഎസ്എല്‍, ബിപിസിഎല്‍ എന്നിവയുടെ ഉല്‍പാദനം പത്ത് ടണ്‍ മാത്രമാണ്. കഞ്ചിക്കോട്ടെ കമ്പനി ഉല്‍പാദിപ്പിക്കുന്ന 150 ടണ്ണില്‍ 80 ടണ്‍ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ബാക്കി കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുകയാണ്. ഒരു ക്യുബിക് മീറ്റര്‍ മെഡിക്കല്‍ ഓക്സിജന് 15 രൂപ വിലയീടാക്കമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന. എന്നാല്‍ ഇതു മറികടന്ന് 30 രൂപയ്ക്കും അതിനു മുകളിലേക്കും വില നല്‍കിയാണ് ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞുള്ള ഓക്സിജന്‍ മാത്രമേ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കൂ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

ഓക്സിജന് കേരളത്തില്‍ ക്ഷാമമുണ്ട്. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ പലയിടത്തും ഓക്സിജനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഗുരുതരമായ ഓക്സിജന്‍ ക്ഷാമം നേരിടുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളത്തില്‍ ലിക്വിഡ് ഓക്സിജന്‍ നിറച്ച് ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ 23 കമ്പനികള്‍ നിലവിലുണ്ട്. ഇതിലൊരു കമ്പനി വിതരണാവകാശം കുത്തകയാക്കി വച്ചിരിക്കുകയാണ്. ആവശ്യമുള്ള അളവില്‍ ഓക്സിജന്‍ എത്തിക്കാതെ കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി വില്‍പന നടത്താന്‍ ശ്രമിക്കുന്നെന്നാണ് അറിയുന്നത്. മരുന്ന് എന്ന നിലയിലെ കുത്തക വിതരണം അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

പല ആശുപത്രികളിലും രോഗികളെ അഡിമിറ്റ് ചെയ്യാത്തതിന് കാരണം ഓക്സിജന്‍ ക്ഷാമമാണ്. നൂറുകണക്കിന് സന്ദേശങ്ങളാണ് ഓക്സിജനായി എത്തിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് വിതരണാവകാശം മൊത്തമായി കമ്പനിക്ക് കിട്ടിയതെന്ന വിവരവും ഈ മുന്‍ ആരോഗ്യ മന്ത്രിക്ക് കമ്പനിയുമായുള്ള ബന്ധവും പുറത്തു കൊണ്ടുവരണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലും കര്‍ണാടകത്തിലുമടക്കം നിരവധി പേര്‍ ഓക്സിജന്‍ ലഭിക്കാതെ ദിനവും മരിച്ചു വീഴുന്ന സാഹചര്യത്തില്‍ ദുരന്തമൊഴിവാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പി. ടി തോമസ് പറഞ്ഞു.

Tags:    

Similar News