ആലുവ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ കൊവിഡ് രോഗി ഇറങ്ങിയോടി

Update: 2021-05-09 04:17 GMT

കൊച്ചി: ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ കൊവിഡ് രോഗി ഇറങ്ങിയോടിയത് ആശുപത്രി പരിസരത്ത് ഒരുമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കീഴ്മാട് സ്വദേശിയാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ഒരുമണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഒരാഴ്ച മുമ്പ് കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആശങ്കമൂലം വീട്ടില്‍ അക്രമാസക്തനായതിനെ തുടര്‍ന്നാണ് പോലിസ് സഹായത്തോടെ വീട്ടുകാര്‍ ഇദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയ രോഗി ഒരു മണിക്കൂറോളം ആശുപത്രി പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കൊവിഡ് രോഗിയാണെന്ന് അറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും പരക്കം പാഞ്ഞു.

ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലിസും പിപി കിറ്റണിഞ്ഞ ജീവനക്കാരും ചേര്‍ന്ന് ഇദ്ദേഹത്തെ കീഴടക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രമാവുകയും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നത് രോഗികളില്‍ മരണഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് കൊവിഡ് ചികില്‍സയോടൊപ്പം കൗണ്‍സിലിങ്ങും നല്‍കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

Tags:    

Similar News