കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിച്ചത് മാലിന്യ വണ്ടിയില്‍; വിവാദം
രാജ്‌നന്ദ്ഗാവില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനാണ് ശുചീകരണ തൊഴിലാളികള്‍ മാലിന്യ വാന്‍ ഉപയോഗിച്ചത്.
രാജ്‌നന്ദ്ഗാവ് (ഛത്തീസ്ഗഢ്): കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാലിന്യ വണ്ടിയില്‍ കയറ്റി ശ്മശാനത്തിലെത്തിച്ചതിനെ ചൊല്ലി ഛത്തീസ്ഗഢില്‍ വിവാദം. രാജ്‌നന്ദ്ഗാവില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനാണ് ശുചീകരണ തൊഴിലാളികള്‍ മാലിന്യ വാന്‍ ഉപയോഗിച്ചത്.
പിപിഇ കിറ്റുകള്‍ ധരിച്ച നാലു ശുചീകരണ തൊഴിലാളികള്‍ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടു പോവുന്നതിന് മാലിന്യ വണ്ടിയുടെ പിറകില്‍ നിക്ഷേപിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം ഏര്‍പ്പാട് ചെയ്യേണ്ടത് നഗര പഞ്ചായത്തിന്റെയും സിഎംഒയുടെയും ഉത്തരവാദിത്തമാണെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ നല്‍കിയ മറുപടി.
കേസുകളുടെ വര്‍ദ്ധനയും കിടക്കകളുടെ കുറവും നേരിടാന്‍, രാജ്‌നന്ദ്ഗാവിലെ പ്രസ് ക്ലബ്, അതിന്റെ പരിസരം ഒരു കോവിഡ് കേന്ദ്രമാക്കി മാറ്റി. അവിടെ രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നു. രോഗലക്ഷണങ്ങളില്ലാത്തതും എന്നാല്‍ വൈദ്യസഹായം ആവശ്യമുള്ളതുമായ രോഗികള്‍ക്കായി പ്രസ് ക്ലബ് അംഗങ്ങള്‍ 30 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്.