കൊവിഡ്-19: വളര്‍ത്തുപൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോകാന്‍ പോലിസ് അനുവദിച്ചില്ലെന്ന്; ഹൈക്കോടതി ഇടപെട്ട് അനുമതി നല്‍കി

മൂന്ന് പൂച്ചകളുടെ ഉടമയായ മരട് പ്രജിത്ത് വിഹാറില്‍ എന്‍ പ്രകാശ് ആണ് വളര്‍ത്തു പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോകുമ്പോള്‍ പോലിസ് തടസപ്പെടുത്തുന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മൃഗങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ അവശ്യവസ്തുക്കളുടെ ഗണത്തില്‍പ്പെട്ടവയാണെന്നും കോടതി വിലയിരുത്തി. ഡിക്ലറേഷന്‍ എഴുതി നല്‍കിയാന്‍ ഹരജിക്കാരന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോകുന്നതിന് തടസ്സമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Update: 2020-04-06 13:47 GMT

കൊച്ചി: കൊവിഡ്-19 ലോക്ക് ഡൗണ്‍ കാലാവധിയില്‍ വളര്‍ത്തുപൂച്ചയ്ക്ക് ഭക്ഷണം വാങ്ങുന്നതിന് ഉടമസ്ഥന് ഹൈക്കോടതി അനുമതി നല്‍കി. മൂന്ന് പൂച്ചകളുടെ ഉടമയായ മരട് പ്രജിത്ത് വിഹാറില്‍ എന്‍ പ്രകാശ് ആണ് വളര്‍ത്തു പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോകുമ്പോള്‍ പോലിസ് തടസപ്പെടുത്തുന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും സിറ്റി പോലിസ് കമ്മീഷണറെയും എതിര്‍കക്ഷിയാക്കിയാണ് ഇയാള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

നിയോ പേര്‍ഷ്യന്‍ എന്ന ബിസ്‌ക്കറ്റ് ഏഴു കിലോ വാങ്ങിയാല്‍ മൂന്ന് ആഴ്ച്ചത്തേക്ക് പൂച്ചകള്‍ക്ക് നല്‍കാനാവുമെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. മറ്റ് ഭക്ഷണങ്ങളൊന്നും കൊടുക്കാനാവില്ലേയെന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു. താന്‍ സസ്യഭുക്കാണെന്നും അതിനാല്‍ സസ്യേതര ഭക്ഷണങ്ങള്‍ ഒന്നും പാകം ചെയ്യാനാവില്ലെന്നും ബിസ്‌ക്കറ്റ് വാങ്ങി നല്‍കാനേ കഴിയുകയുള്ളൂവെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് കോടതി ഇയാള്‍ക്ക് മൃഗങ്ങള്‍ക്കുള്ള ഭക്ഷണസാധനം വാങ്ങാന്‍ പോകാന്‍ അനുമതി നല്‍കിയത്.

മൃഗങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ അവശ്യവസ്തുക്കളുടെ ഗണത്തില്‍പ്പെട്ടവയാണെന്നും കോടതി വിലയിരുത്തി. ഡിക്ലറേഷന്‍ എഴുതി നല്‍കിയാന്‍ ഹരജിക്കാരന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോകുന്നതിന് തടസ്സമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഈ ആവശ്യത്തിന് പാസ് നല്‍കുന്നതിന് പോലിസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കോടതിയുടെ ഉത്തരവും കൈയ്യില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കടവന്ത്രയില്‍ താമസക്കാരനായ ഹരജിക്കാരന് ഭക്ഷണം ലഭിക്കുന്ന സ്ഥലം വരെ പോകാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഹരജിക്കാരന്‍ ഒരു പൂച്ച സ്നേഹിയാണെന്ന് ബോധ്യപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. 

Tags:    

Similar News