കൊവിഡ് പ്ലാസ്മ തെറാപ്പി അനുമതി; ആദ്യഘട്ടത്തിൽ കേരളത്തിലെ സ്ഥാപനങ്ങളില്ല
സംസ്ഥാനത്തുനിന്ന് പരീക്ഷണചികിത്സ നടത്താൻ താത്പര്യമറിയിച്ച ആറുസ്ഥാപനങ്ങളെ മെഡിക്കൽ ഗവേഷണ കൗൺസിൽ അടുത്തഘട്ടത്തിലേക്കുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കൊവിഡിനെതിരേ പരീക്ഷിക്കുന്ന പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളില്ല. സംസ്ഥാനത്തുനിന്ന് പരീക്ഷണചികിത്സ നടത്താൻ താത്പര്യമറിയിച്ച ആറുസ്ഥാപനങ്ങളെ മെഡിക്കൽ ഗവേഷണ കൗൺസിൽ അടുത്തഘട്ടത്തിലേക്കുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജുകൾ, മലബാർ കാൻസർ സെന്റർ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടത്. കൊവിഡ് ഭേദമായയാളിൽനിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്‌ളാസ്മാ തെറാപ്പി. രോഗം ഭേദമായ ആളുടെ രക്തത്തിൽ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവർത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. വിജയിച്ചാൽ കൊവിഡ് ചികിത്സയിൽ ഇത് നിർണായകമാകും. പരീക്ഷണാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ശ്രീചിത്രയടക്കമുള്ള ആശുപത്രികൾ ആന്റിബോഡി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി കാത്തിരിക്കയാണ്.
ആദ്യഘട്ടത്തിൽ തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതടക്കം 46 സ്ഥാപനങ്ങൾക്കാണ് അനുമതി. 113 അപേക്ഷയിൽനിന്നാണ് ആദ്യപട്ടിക തയ്യാറാക്കിയത്. പ്ലാസിഡ് ട്രയൽ എന്നപേരിലാണ് പരീക്ഷണം. ഇതിനായി ക്ലിനിക്കൽ ട്രയൽ രജിസ്ട്രിയിലെ രജിസ്ട്രേഷൻ, നാഷണൽ എത്തിക്‌സ് കമ്മിറ്റി അനുമതി തുടങ്ങിയ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം ഏപ്രിലിൽത്തന്നെ പൂർത്തിയാക്കിയിരുന്നു. അത്യാസന്നനിലയിലായ രോഗികളെയാണ് അവരുടെ അനുമതിയോടെ പരീക്ഷണത്തിന് വിധേയരാക്കുക. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും അത്യാസന്ന നിലയിലാവുന്നവരുടെ എണ്ണം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിമിതമാണ്. അനുമതി കിട്ടിയാൽ അതത് സ്ഥാപനങ്ങളിലെ എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമാകും ചികിത്സ തുടങ്ങാനാവുക. രോഗം ഭേദമായവർ രക്തദാനത്തിന് തയ്യാറാവുകയും വേണമെന്നും നിബന്ധനയുണ്ട്.