പ്രവാസികളുടെ ക്വാറന്റൈന് പണം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

Update: 2020-05-28 14:05 GMT

കൊച്ചി: പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ക്ക് ഇനി മുതല്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. രോഗികളും, ഗര്‍ഭിണികളടക്കമുള്ളവര്‍ നാട്ടിലെത്തി സര്‍ക്കാരിന് പണം നല്‍കേണ്ടി വരുന്നതായും പ്രവാസിയും ദുബായ് കെഎംസിസി അംഗവുമായ ഇബ്രാഹിം എളേറ്റില്‍, പ്രവാസിയും ഒഐസിസി മുന്‍ വൈസ് പ്രസിഡന്റുമായ പത്തനംതിട്ട സ്വദേശി റെജി താഴമണും സമര്‍പ്പിച്ച ഹരജികളില്‍ വ്യക്തമാക്കുന്നു.

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇനി മുതല്‍ ക്വാറന്റൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കില്ലെന്നും ചെലവുകള്‍ പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സൗജന്യമായി പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കഴിഞ്ഞ മെയ് ഏഴിനു മറ്റൊരു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഹരജിക്കാര്‍ ഹാജരാക്കി.വിദേശത്തു നിന്നുവരുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനും അവരെ സ്വീകരിക്കുന്നതിനും സര്‍വ സന്നാഹങ്ങളും സംവിധാങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കോടതിയില്‍ ബോധിപ്പിച്ചിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ക്വാറന്റൈനു പണം ഈടാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്തു നിന്നു വരുന്ന പാവപ്പെട്ടവരായ തൊഴിലാളികള്‍, നഴ്സുമാര്‍, തൊഴിലാളികളുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ സൗജന്യമാക്കുന്നതിനു സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ പറയുന്നു. തൊഴിലാളികളില്‍ അധികവും അസംഘടിത മേഖലയില്‍ സേവനം ചെയ്യുന്നവരും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുമാണെന്നു ഹരജിയില്‍ പറയുന്നു. ഇവര്‍ക്ക് നിലവിലുള്ള ജോലിയും നഷ്ടപ്പെട്ടു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യമായാണ് യാത്രയും ക്വാറന്റൈന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും. പാവപ്പെട്ടവരുടെ പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നു വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. അഭിഭാഷകരായ ഹാരിസ് ബീരാന്‍, അരുണ്‍ ബി വര്‍ഗീസ് എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി മെയ് 29 നു പരിഗണിക്കും. 

Tags:    

Similar News