കൊവിഡ് സമ്പര്‍ക്കവ്യാപനം തടയല്‍; കോട്ടയം ജില്ലയില്‍ ആന്റിജന്‍ പരിശോധന തുടങ്ങി
ആദ്യദിനമായ ഇന്ന് ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 15 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത
കോട്ടയം: സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനം കണ്ടെത്തുന്നതിനും പ്രതിരോധസംവിധാനം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് കോട്ടയം ജില്ലയില്‍ കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് തുടക്കംകുറിച്ചു. ആദ്യദിനമായ ഇന്ന് ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂക്കില്‍നിന്നുള്ള സ്രവസാംപിളാണ് ശേഖരിക്കുന്നത്. 60 വയസിനു മുകളിലുള്ളവരെയും ഗര്‍ഭിണികളെയും 10 വയസില്‍ താഴെയുള്ള കുട്ടികളെയുമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയത്.
എല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മേഖലയെന്ന നിലയിലാണ് ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിനെ പരിഗണിച്ചത്. പള്ളിക്കത്തോട് പഞ്ചായത്തിലാണ് അടുത്ത ഘട്ടമായി ആന്റിജന്‍ പരിശോധന നടത്തുക. 15 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഡോക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഏഴ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.