കൊവിഡ്: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ ഹൈക്കോടതി നീട്ടി
കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം കൂടി പരിഗണിച്ചാണ് ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്
കൊച്ചി:കൊവിഡ് നിയന്ത്രണങ്ങളുള്ള കാലയളവിലെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം കൂടി പരിഗണിച്ചാണ് ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കൊവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ കൂട്ടിയുള്ള പ്രതിഷേധ സമരങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തണമെന്നും രോഗ ഭീഷണി ഒഴിയുന്നതുവരെ ഇത്തരം സംഘടനകളുടെ അംഗീകാരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കണമെന്നുമടക്കം ആവശ്യങ്ങളുന്നയിച്ച് നല്‍കിയ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് മാര്‍ഗ നിര്‍ദേശ പ്രകാരം സമരങ്ങള്‍ക്കും മറ്റും വിലക്കുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് നിേരാധനം ബാധകമാക്കിയും വിലക്ക് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയും ജൂലൈ 15നാണ് കോടതിയുടെ ഉത്തരവു പുറപ്പെടുവിച്ചത്. അതേ സമയം പ്രതിഷേധ സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നവെന്ന ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. കേരള റാങ്ക് ഗോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആരോപണങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി. കോടതിയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സമരം നടത്താന്‍ സാധിക്കുന്നില്ലെന്ന് കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി