എറണാകുളത്ത് ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ആദ്യ ഡോസ് വാക്‌സിന്‍ തണലില്‍

ഇന്നുവരെ 190 ക്യാംപുകളിലായി 1,00,100 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്

Update: 2021-10-10 12:58 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ 'ഗസ്റ്റ് വാക്‌സ് ' ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ പി എം ഫിറോസ് അറിയിച്ചു.ഇന്നുവരെ 190 ക്യാംപുകളിലായി 1,00,100 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത് .

രണ്ടാം ഘട്ട ലോക് ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴില്‍ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയില്‍ കണ്ടെത്തിയ 77,991 തൊഴിലാളി കള്‍ക്കും പുറമെ ലോക്ക്ഡൗണിന് ശേഷം ജില്ലയില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കി വരുന്നു.തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഔട്ട് റീച്ച് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ വാക്‌സിനേഷന്‍ ടീം, എന്‍എച്ച്എം, തൊഴില്‍ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഗസ്റ്റ് വാക്‌സിന്റെ വിജയത്തിനു പിന്നില്‍.

സിഎംഎഡി ഉള്‍പ്പടെയുള്ള സര്‍ക്കാരിതര സംഘടനകളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.സ്‌പോന്‍സര്‍ എ ജാബ്' പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ മുഖേന സൗജന്യമായി വാക്‌സിനേഷന്‍ നല്‍കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കാണ് ക്യാംപുകളില്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെത്തുന്ന തൊഴിലാളികള്‍ക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയും വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

Tags:    

Similar News