കൊവിഡ് വ്യാപനം: ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു;പരിശോധന വര്‍ധിപ്പിക്കും
കണ്ടെയിന്‍മെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ഇവിടെ നിയോഗിക്കും. പത്തുവയസിനുതാഴെയുള്ള കുട്ടികള്‍, അറുപതുവയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ ആവശ്യപ്പെട്ടു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ 4500-5000 ടെസ്റ്റുകളാണ് ദിവസം നടത്തുന്നത്. ഇത് 6000 ആയി വര്‍ധിപ്പിക്കും.
75 ശതമാനം ആര്‍ടിപിസിആര്‍ ടെസ്റ്റും 25 ശതമാനം ആന്റിജന്‍ ടെസ്റ്റുമാണ് നടത്തുന്നത്. ബീച്ചുകളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ഇവിടെ നിയോഗിക്കും. പത്തുവയസിനുതാഴെയുള്ള കുട്ടികള്‍, അറുപതുവയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
മാസ്‌ക് ധരിച്ചും സാമൂഹിക അകലവും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചും മാത്രമേ പൊതുസ്ഥലങ്ങളില്‍ എത്താവൂ. വിനോദസഞ്ചാരികള്‍ക്ക് ഹൗസ്ബോട്ടുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ബോട്ട് ഉടമകള്‍ ഉറപ്പുവരുത്തണം. ഇക്കാര്യം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി. ബസില്‍ കയറുന്നവര്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ചേ നടത്താവൂ. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കടകളില്‍ ജോലി ചെയ്യുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി പ്രത്യേക പരിശോധന നടത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലിസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.