കൊവിഡ്: കോട്ടയത്ത് 102 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്; ഉദയനാപുരം പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയില്‍

വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Update: 2020-04-30 17:18 GMT

കോട്ടയം: അപ്രതീക്ഷിതമായി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആശങ്കയിലായ കോട്ടയത്തിന് ആശ്വാസമായി കൊവിഡ് ഫലങ്ങള്‍. രണ്ടുദിവസമായി ലഭിച്ച പരിശോധനാഫലങ്ങളില്‍ കൂടുതലും നെഗറ്റീവാണ് എന്നതാണ് കോട്ടയത്തിന് കൂടുതല്‍ ആശ്വാസം പകരുന്നത്. ഇന്ന് ലഭിച്ച 102 സാംപിളുകളുടെയും പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയില്‍ ഇന്നലെ ലഭിച്ച 209 സാംപിളുകളുടെ പരിശോധനാഫലമായിരുന്നു നെഗറ്റീവായത്. ഇതില്‍ 201 സാംപിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കപശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്.

സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടുന്നു. ഇന്നും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ കൂടി രോഗമുക്തരായി. ഇന്ന് ആര്‍ക്കും കൊവിഡ് കേസും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെയും മൂന്നുപേര്‍ രോഗമുക്തരായിരുന്നു. വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 137 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇതോടെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 1,393 ആയി. 311 പേരുടെ പരിശോധനാഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. ഇന്ന് 141 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിനിടെ, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലുള്ളത് പരിഗണിച്ചാണ് കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഇതുവരെ 32 പ്രൈമറി കോണ്‍ടാക്ടുകളെയും 47 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയുമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

ജില്ലയിലെ നിലവിലുള്ള ഹോട്ട്‌സ്പോട്ടുകളുടെ പട്ടിക ചുവടെ.

പഞ്ചായത്തുകള്‍

അയര്‍ക്കുന്നം, അയ്മനം, മണര്‍കാട്, മേലുകാവ്, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, ഉദയനാപുരം.

മുനിസിപ്പല്‍ വാര്‍ഡുകള്‍

കോട്ടയം: 2,18,20,29,36,37, ചങ്ങനാശ്ശേരി: 33 

Tags:    

Similar News