കൊവിഡ് : എറണാകുളത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

ശരാശരി 350 മുതല്‍ 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണം.ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം

Update: 2020-09-07 13:02 GMT

കൊച്ചി : വരും മാസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നും ചികില്‍സാ സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ശരാശരി 350 മുതല്‍ 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം .വ്യക്തിപരമായ നിലയില്‍ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസേഷന്‍ നടത്തുന്നതിലും മാസ്‌ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തരുതെന്നും മന്ത്രി പറഞ്ഞു. ഇത് വരെ ജില്ലയില്‍ 7502 പേരാണ് കൊവിഡ് ബാധിതരായത്. നിലവില്‍ 2307 പേര്‍ ചികില്‍സയിലുണ്ട്. 800 പേര്‍ വീടുകളിലും 20,000 പേര്‍ സര്‍വൈലന്‍സിലും കഴിയുന്നുണ്ട്. 45 പേരാണ് മരിച്ചത്. 13 എഫ് എല്‍ ടി സികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബി ലെവല്‍ ട്രീറ്റ്‌മെന്റ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികില്‍സ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ 60- 90 വയസ്സു വരെ പ്രായമായവരില്‍ 9% പേരാണ് രോഗബാധിതരായത്. 91% രോഗികളും 20 - നും 50 നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. 20-30 വയസ്സ് വരെ പ്രായമായവരില്‍ 23% പേരും 30 - 40 വയസ്സ് വരെ പ്രായമായവരില്‍ 18.68% പേരും ,40-50 വയസ്സ് വരെ പ്രായമുള്ളവരില്‍ 16.6 % പേരുമാണ് രോഗബാധിതരായത്. 50 വയസ്സിന് മുകളിലുള്ളവരിലേക്ക് രോഗബാധ കൂടിയാല്‍ മരണ നിരക്ക് വര്‍ധിക്കും. അതിനാല്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. റിവേഴ്‌സ് ക്വാറന്റൈന്‍ ജനകീയമാക്കാന്‍ ആരോഗ്യ - തദ്ദേശ സ്വയംഭരണവകുപ്പ് - ജില്ലാ ഭരണകൂടം എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് കാംപയിന്‍ സംഘടിപ്പിക്കും.

റിവേഴ്‌സ് ക്വാറന്റെനിലുള്ളവര്‍ വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞുഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം തടയാന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകള്‍ക്കും രോഗ വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ കൊച്ചിയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ജനസംഖ്യാ നിരക്ക് കൂടുതലുള്ളതിനാലും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതിനാലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. 3200 ലധികം ടെസ്റ്റുകള്‍ ഗവ. സ്വകാര്യ ലാബുകളിലായി നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി 

Tags:    

Similar News