ആര്‍ടിപിസിആര്‍ ടെസറ്റിന് 500 രൂപ:സര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.ലാബുകള്‍ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.നിരക്ക് കുറയ്ക്കുന്നതിലൂടെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു.

Update: 2021-05-03 15:28 GMT

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 1,700 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഭേദഗതി വരുത്തി ആര്‍ടിപിസിആറിനു 500 രൂപയാക്കി പുതുക്കി നിശ്ചയിച്ച നടപടിയാണ് ലാബ് ഉടമകള്‍ ചോദ്യം ചെയ്തത്. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു 4,500 രൂപ ഈടാക്കാമെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിയില്‍ പറയുന്നു. ലാബുകള്‍ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.നിരക്ക് കുറയ്ക്കുന്നതിലൂടെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം.

നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ ഉത്തരവ് സാമാന്യ നീതിക്കു നിരക്കാത്തതാണെന്നും ഹരജിയില്‍ പറയുന്നു.നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകള്‍ പറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10 ലാബ് ഉടമകളാണ് ഹരജി സമര്‍പ്പിച്ചത്.

Tags:    

Similar News