ആര്‍ടിപിസിആര്‍ പരിശോധന :ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി; പരിശോധന നിരക്ക് 500 രൂപ തന്നെ

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10 ലാബ് ഉടമകളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളിയത്

Update: 2021-05-07 07:33 GMT

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന സ്വകാര്യ ലാബ് ഉടമകളുടെ ആവശ്യം ഹെക്കോടതി തള്ളി.കൊവിഡ് കണ്ടെത്തുന്നതിനായുള്ള ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും പരിശോധന നിരക്ക് 500 രൂപയായി തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10 ലാബ് ഉടമകളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളിയത്.സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചത് മാര്‍ക്കറ്റ് സര്‍വ്വേ നടത്തിയതിനു ശേഷമാണെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 1700 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഭേദഗതി വരുത്തി ആര്‍ടിപിസിആറിനു 500 രൂപയാക്കി പുതുക്കി നിശ്ചയിച്ച നടപടിയാണ് ലാബ് ഉടമകള്‍ ചോദ്യം ചെയ്തത്. ലാബുകള്‍ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതുന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

നിരക്ക് കുറയ്ക്കുന്നതിലൂടെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ ഉത്തരവ് സാമാന്യ നീതിക്കു നിരക്കാത്തതാണെന്നും ഹരജിയില്‍ പറയുന്നു.നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍), കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബ്രേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ലാബുടമകള്‍ ഹരജി നല്‍കിയത്.

Tags:    

Similar News