നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 116 പേര്‍ അറസ്റ്റില്‍; മാസ്‌ക് ധരിക്കാത്തതിന് 178 പേര്‍ക്കെതിരേ കേസ്

.നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 81 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,098 ആയി.

Update: 2020-05-01 17:21 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 94 കേസുകള്‍കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 116 പേരെ ഇന്നലെ അറസ്റ്റുചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 81 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,098 ആയി. 3,903 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,836 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിന് വിവിധ പോലിസ് സ്റ്റേഷനുകളിലായി 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കാത്തത് പോലിസ് നിരീക്ഷിച്ചുവരികയാണ്. ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികളാണ് പോലിസ് കൈക്കൊള്ളുന്നത്. അതേസമയം, കൊവിഡ് കാലത്തും സജീവമായി സേവന രംഗത്തുള്ള പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി താനൂര്‍ പോലിസ് സ്റ്റേഷനില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എംഎസ്പിയിലെ പോലിസ് ഉദ്യോഗസ്ഥരെത്തിയാണ് കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ താനൂര്‍ പോലിസിന് നല്‍കിയത്. സിഐ സി പ്രമോദ്, എസ്‌ഐ നവീന്‍ ഷാജു എന്നിവര്‍ ഉള്‍പ്പെടെ 20 പോലിസ് ഉദ്യോഗസ്ഥര്‍ ക്ലാസില്‍ പങ്കെടുത്തു. രാവും പകലും മാറി മാറി ജോലി ചെയ്യുകയും ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്യുന്നവരായതിനാലാണ് പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്‍നിര്‍ത്തി ബോധവല്‍ക്കരണം നടത്തിയത്. 

Tags:    

Similar News