കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് വൈറസ് ബാധയില്ല
വൈറസ് ബാധിച്ച ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയരായ 25 പേരില്‍ 14 പേരുടെ ഫലം നെഗറ്റീവാണ്.
കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്റെ അമ്മയുടെ പരിശോധനാഫലം പോസിറ്റീവായെങ്കിലും ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഇതുവരെ പരിശോധനാഫലം ലഭിച്ച ആറുപേര്‍ക്ക് രോഗബാധയില്ല. തിരുവനന്തപുരത്തുനിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന ഡ്രൈവര്‍, ആരോഗ്യപ്രവര്‍ത്തകന്റെ പിതാവ്, അമ്മാവന്‍, സഹോദരി, പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സിച്ച ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയരായ 25 പേരില്‍ 14 പേരുടെ ഫലം നെഗറ്റീവാണ്.
11 സാമ്പിളുകള്‍ നിരാകരിക്കപ്പെട്ടു. പാലക്കാട്ട് രോഗം സ്ഥീരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിക്കുകയും ലോറിയുമായി കോട്ടയം മാര്‍ക്കറ്റിലെത്തുകയും ചെയ്ത ഡ്രൈവറുടെ സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എടുത്ത സാമ്പിളിന്റെ പരിശോധന അപൂര്‍ണമായതിനെത്തുടര്‍ന്ന് പാലക്കാട് ജനറല്‍ ആശുപത്രിയിലെടുത്ത സാമ്പിളിന്റെ ഫലമാണ് ലഭിച്ചത്. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്റെ മാതാവ്(60) എന്നിവരുടെ പരിശോധനാഫലമാണ് ഇന്ന് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം ആറായി.
നേരത്തെ ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവരില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ആറുപേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സാവിഭാഗത്തിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നരമാസം മുമ്പാണ് ഷാര്‍ജയില്‍നിന്ന് എത്തിയത്.
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതുപരിഗണിച്ചാണ് മാതാവിന്റെ സാംപിളെടുത്തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇന്ന് മൂന്നുപേരാണ് ജില്ലയില്‍ കൊവിഡ് മുക്തരായത്. 297 പേരെ ഇന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇതോടെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 536 ആയി. 26 സാംപിളുകളുടെ ഫലമാണ് ഇനിയും ലഭിക്കാനുള്ളത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെലി കണ്‍സള്‍ട്ടേഷന്‍
കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച നിരവധി പേര്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുന്നുണ്ട്. രോഗം ബാധിച്ചിരിക്കാനുള്ള സാധ്യത സംബന്ധിച്ചും പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ഭൂരിഭാഗം പേരും അന്വേഷിക്കുന്നത്.
സമീപദിവസങ്ങളില്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരില്‍ പനി, തൊണ്ടവേദന, ശ്വാസതടസം എന്നീ ലക്ഷണങ്ങളില്‍ എതെങ്കിലും പ്രകടമായാല്‍ ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരായ 7034322777 ല്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ സാംപിള്‍ പരിശോധനയ്ക്ക് നടപടി സ്വീകരിക്കും.