കൊവിഡ് വ്യാപനം: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വീടുകളും നിയന്ത്രിത മേഖലകളാക്കും
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ വീടുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധയേറ്റാല്‍ ബാക്കിയുള്ള അംഗങ്ങളും കൊവിഡ് പോസിറ്റീവ് ആകുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുന്നത്
ആലപ്പുഴ: കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് മുഴുവന്‍ അടച്ചതിനു പിന്നാലെ കൊവിഡ് രോഗികള്‍ ഉള്ള വീടുകളും നിയന്ത്രിത മേഖലകളാക്കുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ വീടുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധയേറ്റാല്‍ ബാക്കിയുള്ള അംഗങ്ങളും കൊവിഡ് പോസിറ്റീവ് ആകുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുന്നത്.
ഗൃഹവാസ പരിചരണ കേന്ദ്രം, കൊവിഡ് പ്രഥമ തല ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാറാന്‍ തയ്യാറാകാത്തവരുടെ വീടുകളിലാണ് രോഗവ്യാപനം കൂടുന്നത്. ഇവിടേക്ക് മാറാനാവശ്യമായ സൗകര്യം നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിട്ടും പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത വീടുകളാണ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു കടുത്ത നിരീക്ഷണം നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.
രോഗ വ്യാപനം തടയുന്നതിനായി രോഗം സ്ഥിരീകരിച്ച വീടുകളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ മേല്‍നോട്ടത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുമ്പോള്‍ തന്നെ വീടുകള്‍ നിയന്ത്രിത മേഖലയാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ആഴ്ചയില്‍ രണ്ടു ദിവസം റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ രോഗലക്ഷണമുള്ളവരുടെ വീടിന് സമീപമെത്തി സമ്പര്‍ക്കം വരാത്ത രീതിയില്‍ ബോധവത്ക്കരണം നല്‍കും.
പഞ്ചായത്ത് തല ജാഗ്രതാ സമിതി അഞ്ച് സംഘങ്ങളായി ചേര്‍ന്ന് വാര്‍ഡുതല ജാഗ്രതാ സമിതി ചേരാനും തീരുമാനിച്ചു. വാര്‍ഡുതല ജാഗ്രതാ സമിതികളുടെ നിയന്ത്രണത്തിലായിരിക്കും വീടുകളിലെ നിയന്ത്രിത മേഖലകള്‍ തിരിച്ചുള്ള നടപടികള്‍. ദിവസവും രാവിലെ ചേരുന്ന ജാഗ്രതാ സമിതി യോഗ തീരുമാനപ്രകാരമാവും ആര്‍ ആര്‍ ടി അംഗങ്ങളുടെ പ്രവര്‍ത്തനം.