കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയിലെ 74 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % ത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട് - പുത്തന്‍കുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണം

Update: 2021-05-05 17:09 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജില്ലയിലെ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % ത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട് - പുത്തന്‍കുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിര്‍മ്മാണ മേഖല അടക്കമുള്ള മേഖലയില്‍ തൊഴിലാളികള്‍ക്ക് അതാത് കോമ്പൗണ്ടില്‍ തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 26.54 % ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ചൂര്‍ണ്ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും.ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും സൈറണും ഏര്‍പ്പെടുത്തും. കൂടാതെ ഷിപ്പ് യാര്‍ഡ്, ടെല്‍ക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് സിലിണ്ടറുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ തിരക്ക് കര്‍ശനമായി നിയന്ത്രിക്കും. സര്‍ക്കാര്‍ മേഖലയിലെ പരിശോധനകള്‍ വര്‍ധിപ്പിക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിക്കും. പരിശോധനയ്ക്കെത്തുന്നവര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒപികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. കൊവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം വ്യാഴാഴ്ച നടക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Tags:    

Similar News