എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം; ചികില്‍സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍, ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐസിയു കിടക്കകള്‍
കൊച്ചി: കൊവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആലുവ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്ക് 100 ഐസിയു കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജിനെ പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതാണ്.
ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കൊവിഡ് ചികില്‍സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പുവരുത്തും. ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാന്‍ കളക്ടര്‍ വഴി നിര്‍ദേശം നല്‍കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയില്‍ കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാക്കുന്നതാണ്. ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാതല യോഗം കൂടുന്നതാണ്.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ഖര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ഡിഎംഒ ഡോ. കുട്ടപ്പന്‍, ഡിപിഎം ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.