കൊവിഡ് വ്യാപനം: ജില്ലയില്‍ അതീവജാഗ്രത വേണമെന്ന് മലപ്പുറം കലക്ടര്‍

രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാംപിള്‍ സര്‍വേയില്‍ പോലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നുണ്ട്.

Update: 2020-07-09 15:17 GMT

മലപ്പുറം: ജില്ലയില്‍ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെ കൊവിഡ്-19 രോഗവ്യാപനമുണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാംപിള്‍ സര്‍വേയില്‍ പോലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നുണ്ട്.

ജൂണില്‍ നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ വട്ടംകുളം പഞ്ചായത്തില്‍ 10 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പൊന്നാനിയിലും പരിസരങ്ങളിലുമായി മാത്രം ഇപ്പോള്‍ 50 പോസിറ്റീവ് കേസുകളുണ്ട്. ജൂലൈ ആറിന് വട്ടം കുളം പഞ്ചായത്തില്‍ 151 പേരുടെ സ്രവപരിശോധന നടത്തിയതില്‍ ഒരാള്‍ക്കും ജൂലൈ എട്ടിന് കാലടിയില്‍ 152 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും ജൂലൈ ആറിന് ആലങ്കോട് പഞ്ചായത്തില്‍ 93 പേരെ പരിശോധിച്ചതില്‍ രണ്ടുപേര്‍ക്കും പൊന്നാനി നഗരസഭയില്‍ ജൂലൈ ആറിന് 107 പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്കും ജൂലൈ ഏഴിന് 299 പേരെ പരിശോധിച്ചതില്‍ ആറുപേര്‍ക്കും ജൂലൈ എട്ടിന് 310 പേരെ പരിശോധിച്ചതില്‍ 15 പേര്‍ക്കും പോസിറ്റീവാണെന്നത് ഏറെ ആശങ്കസൃഷ്ടിക്കുന്നു.

മാറഞ്ചേരി പഞ്ചായത്തില്‍ 120 പേരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഒരാള്‍ക്കും പെരുമ്പടപ്പില്‍ 149 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വെറും മൂന്നുദിവസംകൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പത്ത് വയസിനും 60 വയസിനുമിടയിലുള്ളവരും വീടിന് പുറത്തിറങ്ങരുത്. ജീവിത ശൈലി രോഗങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ചികില്‍സാര്‍ഥമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. രോഗപ്രതിരോധത്തിനായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. 

Tags:    

Similar News