കൊവിഡ് വ്യാപനം: കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകള്‍ നാളെ മുതല്‍ അടച്ചിടും; ഏഴുവാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
നാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യസാധനങ്ങള്‍ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയിലെ പരിയാരം മെഡിക്കല്‍ കോളജ് ടൗണ്‍ മുതല്‍ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടം വരെയുള്ള വ്യാപാരകേന്ദ്രങ്ങള്‍ ഒരാഴ്ച പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാവും അനുമതിയുണ്ടാവുക. നാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യസാധനങ്ങള്‍ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.
മറ്റ് സ്ഥലങ്ങളില്‍ മുന്‍നിശ്ചയിച്ച പ്രകാരം രാവിലെ 10 മുതല്‍ വൈകീട്ട് 3 മണി വരെ ആയിരിക്കും പ്രവൃത്തിസമയമെന്ന് ചെറുതാഴം പഞ്ചായത്ത് അറിയിച്ചു. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ പരിയാരം മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന് പിന്നാലെയാണ് ദേശീയപാതയിലെ വ്യാപാരകേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, പുതുതായി കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ ഏഴു തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ചെറുപുഴ 6, പാനൂര്‍ 18, പെരളശ്ശേരി 6 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നും അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കുക.