കൊവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

Update: 2021-08-02 02:30 GMT

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ആരോഗ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്തുന്നത്. ആറംഗ സംഘം രണ്ടായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തിവന്നത്.

ഒമ്പത് ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കേന്ദ്രസംഘം തലസ്ഥാനത്തെത്തുന്നത്. രാവിലെ 11ന് സംഘം തിരുവനന്തപുരം കലക്ടറുമായും ജില്ലയിലെ ഉദ്യോഗസ്ഥരുമായും കൊവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. ടിപിആര്‍ 13നുമുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയിലേറെയും റിപോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് സാഹചര്യം വിലയിരുത്താനായി കേന്ദ്രം അടിയന്തരമായി വിദഗ്ധസംഘത്തെ അയച്ചത്. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇക്കാര്യം സംസാരിച്ചിരുന്നു. കേരളത്തില്‍ ഞായറാഴ്ച 20,728 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ശതമാനമാണ്. ചികില്‍സയിലുള്ളവര്‍ 1,67,379 പേരും ആകെ രോഗമുക്തി നേടിയവര്‍ 32,26,761 പേരുമാണ്. ടിപിആര്‍ 15ന് മുകളിലുള്ള 323 പ്രദേശങ്ങളാണ് കേരളത്തിലുള്ളത്.

Tags:    

Similar News