കൊവിഡ് വ്യാപനം: പെരിന്തല്‍മണ്ണയില്‍ രണ്ടാഴ്ച വഴിയോരക്കച്ചവടം നിരോധിച്ചു
സ്ഥാപനങ്ങളിലും മറ്റും വന്നുപോവുന്ന മുഴുവന്‍ ആളുകളുടെയും പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ സൂക്ഷിക്കണം.
പെരിന്തല്‍മണ്ണ: കൊവിഡ് വ്യാപനസാഹചര്യം മുന്നില്‍കണ്ട് നഗരസഭയില്‍ മുഴുവന്‍ വഴിയോരക്കച്ചവടങ്ങളും രണ്ടാഴ്ചക്കാലത്തേക്ക് നിരോധിച്ചു. ഇന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലായത്. നഗരസഭാ പരിധിയിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളിലും ഓഫിസുകളിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനും നഗരസഭ നിര്‍ദേശിച്ചു. സ്ഥാപനങ്ങളിലും മറ്റും വന്നുപോവുന്ന മുഴുവന്‍ ആളുകളുടെയും പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ സൂക്ഷിക്കണം.
കൈകഴുകാന്‍ സംവിധാനവും സാനിറ്റൈസറും നിര്‍ബന്ധമായും വേണം. പട്ടാമ്പി മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ചിലര്‍ക്ക് പെരിന്തല്‍മണ്ണയിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലെ പലരും മാര്‍ക്കറ്റിലും വഴിയോരക്കച്ചവടങ്ങളിലുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തരനടപടിയെന്ന് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം അറിയിച്ചു.
നഗരസഭയില്‍ ഇതുവരെ ആറുപേര്‍ക്കാണ് രോഗബാധ. 250 പേരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വളയംമൂച്ചി വായനശാലാ പ്രദേശത്ത് രോഗബാധിതന്റെ സമ്പര്‍ക്ക സാധ്യതയെ തുടര്‍ന്ന് 20, 21, 23, 24 വാര്‍ഡുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഷൊര്‍ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പര്‍ക്കംമൂലം മാര്‍ക്കറ്റ് അടച്ചിടുകയും ചെയ്തിരുന്നു. ഇവയെല്ലാം കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും നഗരത്തിലെത്തുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.