കൊവിഡ് വ്യാപനം: ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്ത് കണ്ടെയ്ന്റ്‌മെന്റ് സോണ്‍
വാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
ഇടുക്കി: വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മറ്റ് നാല് ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും ജൂലായ് 31 വരെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നെടുങ്കണ്ടം- 3, കരുണാപുരം 1, 2, മരിയാപുരം 2,7 വണ്ണപ്പുറം 2, 4 എന്നിങ്ങനെ മറ്റ് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണുകളായിരിക്കും.
ഇവിടങ്ങളില്‍ അവശ്യസാധന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയായിരിക്കും. അതേസമയം, വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്തില്‍ ജില്ലാ ആസ്ഥാനം ഉള്‍പ്പെട്ടുവരുന്നതിനാലും ഭൂരിഭാഗം ജില്ലാ ഓഫിസുകളും സ്ഥിതിചെയ്യുന്നത് വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്തിലായതിനാലും പ്രസ്തുത പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ചുവടെപ്പറയുന്ന മാര്‍ഗനിര്‍ദേശം നല്‍കുന്നു.
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യം, പോലിസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഓഫിസുകളില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് സര്‍ക്കാര്‍ ഓഫിസുകളില്‍ അടിയന്തരജോലികള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.