കൊവിഡ്: അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കടുപ്പിക്കുന്നു; തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിബന്ധനകളോടെ ഇളവ്
പാലക്കാട്: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. കോയമ്പത്തൂര്‍ ചാവടിയില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥസംഘത്തിന്റെ പരിശോധന വിലയിരുത്തുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിക്കാന്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.
വെള്ളിയാഴ്ച മുതല്‍ ബന്ധപ്പെട്ട രേഖകളില്ലാതെ എത്തുന്നവരെ മടക്കി അയച്ചുതുടങ്ങി. തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ആംബുലന്‍സ്, ആശുപത്രികളിലേക്ക് പോവുന്ന വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ എന്നിവയെ തടയില്ല. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിബന്ധനകളോടെ ഇളവുനല്‍കും. കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും കലക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കൊപ്പം അരമണിക്കൂറിലേറെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.