മലപ്പുറത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും രണ്ടുപേര്‍ വിദേശരാജ്യങ്ങളില്‍നിന്നുമെത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികില്‍സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പര്‍ക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരന്‍, മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് 65 വയസ്സുകാരി, തെന്നല അറക്കലില്‍ താമസിക്കുന്ന സേലം സ്വദേശിനി 40 വയസുകാരി, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 കാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരില്‍ തെന്നല സ്വദേശികളെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനയ്ക്ക് (റാപ്പിഡ് ടെസ്റ്റ്) വിധേയരാക്കിയതായിരുന്നു.
മെയ് 22 ന് സ്വകാര്യവാഹനത്തില്‍ ബംഗളൂരുവില്‍നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശിനി 22 വയസുകാരി, മെയ് 13ന് മുംബൈയില്‍നിന്ന് സ്വകാര്യബസ്സില്‍ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 കാരന്‍, ജൂണ്‍ ആറിന് ഷിമോഗയില്‍നിന്ന് സ്വകാര്യവാഹനത്തില്‍ തിരിച്ചെത്തിയ ചെമ്മാട് കറുമ്പില്‍ സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി, മെയ് 31ന് റിയാദില്‍നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി 45 കാരന്‍, മെയ് 29 ന് കുവൈത്തില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി രോഗമുക്തരായി. മെയ് രണ്ടിന് രോഗബാധ സ്ഥിരീകരിച്ചവരായ അസം സ്വദേശി 22 കാരന്‍, വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി 26 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധിതയായിരിക്കെ, വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. കുഞ്ഞിനും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരെ തുടര്‍നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.