കൊവിഡ്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുന്നു

Update: 2021-06-10 01:06 GMT

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂണ്‍ 15 ഓടെ സോഫ്റ്റ്‌വെയര്‍ സഹായത്തോടെ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യും.

പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. ഹോട്ടലുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും കൊവിഡ് ചികില്‍സാകേന്ദ്രത്തിലേക്ക് മാറ്റും.

ചില സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Tags:    

Similar News