എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉദ്യോഗസ്ഥയും ട്രാവലര്‍ ഡ്രൈവറും

മൂന്നാമത്തെയാള്‍ മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തില്‍ എത്തിയ കുറുപ്പംപടി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസിയു വില്‍ ചികില്‍സയില്‍ കഴിയുന്ന 80 വയസുകാരിയുടെ നില അതീവ ഗുരുതരം

Update: 2020-06-01 13:43 GMT

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരില്‍ ഒരാള്‍ എയര്‍ഇന്ത്യ എക്‌സ് പ്രസ് ഉദ്യോഗസ്ഥയും മറ്റൊരാള്‍ വിദേശത്ത് നിന്നു വന്ന യുവതിയും മൂന്നാമത്തെയാള്‍ മുംബൈയില്‍ നിന്നെത്തിയ ട്രാവലറിന്റെ ഡ്രൈവറും.മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തില്‍ വന്ന 38 വയസ്സുള്ള കുറുപ്പംപടി സ്വദേശിനിയായ യുവതി ആണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് ഇവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്.എയര്‍ ഇന്ത്യ എക്‌സപ്രസ് ഉദ്യോഗസ്ഥയായ 49 കാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍.

ഗള്‍ഫ് സെക്ടറില്‍ ജോലി നോക്കി വരവെ നടത്തിയ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം തേവര സ്വദേശിനിയാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മുംബൈയില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 12 യാത്രക്കാരുമായി മെയ് 15 ന് എത്തിയ ട്രാവലറിന്റെ 31 വയസുള്ള ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. എറണാകുളം പാലാരിവട്ടം സ്വദേശിയായ യുവാവ് മെയ് 15 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ട്രാവലറില്‍ വന്ന 12 പേര്‍ക്കും പിന്നീട് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ തന്നെയും ട്രാവലറിന്റെ രണ്ട് ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ ഐസി യു വില്‍ ചികില്‍സയില്‍ കഴിയുന്ന 80 വയസുകാരിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രമാതീതമായി വര്‍ധിച്ച പ്രമേഹവും ശ്വാസതടസവുമായി കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ ഇവര്‍ എറണാകുളത്തെത്തിയത്.തുടര്‍ന്ന് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനകളില്‍ ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മൂലമുള്ള ന്യൂമോണിയയും, അണുബാധയും ഹൃദയത്തിന്റെയും, വൃക്കകളുടെയും പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.വെന്റിലേറ്റര്‍ പിന്തുണയില്‍ ഐ സി യു വില്‍ കഴിയുന്ന ഇവരുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കാനുള്ള പരിശ്രമം തുടരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്ന് 757 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 460 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9038 ആണ് . ഇതില്‍ 8129 പേര്‍ വീടുകളിലും , 619 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 290 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 8 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 4 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 93 പേരാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 32 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 96 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 85 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 3 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 162 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

വിമാനമാര്‍ഗം വിദേശത്ത് നിന്ന് ഇന്ന് ജില്ലയിലേക്ക് എത്തിയത് 77 പേരാണ്. ഇതില്‍ 42 പേര്‍ പുരുഷന്‍മാരും 35 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ 42 പേരെയും വീടുകളില്‍ 35 പേരെയും നിരീക്ഷണത്തിലാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് ജില്ലയിലെത്തിയത് 274 പേരാണ്. ഇതില്‍ 171 പേര്‍ പുരുഷന്‍മാരും 103 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 273 പേരെ വീടുകളിലും ഒരാളെ കൊവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.കപ്പല്‍ ആഭ്യന്തര മാര്‍ഗം വഴി ഇന്ന് ജില്ലയില്‍ 65 പേരെത്തി. ഇതില്‍ 52 പേര്‍ പുരുഷന്‍മാരും 13 പേര്‍ സ്ത്രീകളുമാണ്. 65 പേരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി.പൂനെയില്‍ നിന്നുള്ള ശ്രമിക് ട്രയിനില്‍ ഇന്ന് 131 യാത്രക്കാരാണ് എറണാകുളത്തിറങ്ങിയത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 26 പേരാണുണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ പുരുഷന്‍മാരും 12 പേര്‍ സ്ത്രീകളുമാണ്. എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി 

Tags:    

Similar News