കോട്ടയത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ചികില്‍സയിലുള്ളത് 30 പേര്‍
മുംബൈയില്‍നിന്നും ഈമാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത്.
കോട്ടയം: ജില്ലക്കാരായ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നും ഈമാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത്. ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ സാംപിള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ഫലം വന്നതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാംപിള്‍ പരിശോധന നടത്തി. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇയാള്‍ക്കൊപ്പമെത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റൈന്‍ സെന്ററിലാണ്.
കൊവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ച് ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതില്‍ എറണാകുളത്ത് ചികില്‍സയില്‍ കഴിയുന്നയാള്‍ ഒഴികെയുള്ളവരില്‍ 19 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 10 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.