കൊവിഡ്: കോട്ടയത്തെത്തിയ യുവാവിനും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്

തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചത്.

Update: 2020-04-22 15:53 GMT

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം യാത്രചെയ്ത് കോട്ടയത്തെത്തിയ യുവാവിനും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരുടെ സാമ്പിള്‍ പരിശോധനാഫലം നാളെ ലഭിക്കും. പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കൊവിഡ്- 19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്രചെയ്ത യുവാവ് കോട്ടയത്തെത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചത് അതിവേഗത്തിലാണ്.

തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഇയാളെ യാത്രാമധ്യേ രാത്രി 1.30ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കയച്ച് ഐസോലേഷന്‍ വിഭാഗത്തിലാക്കി.

ലോഡെത്തിച്ച കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളം ഉള്‍പ്പെടെ 17 പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇന്നു രാവിലെ കടയുടമയെയും ലോഡിങ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. കട അടപ്പിക്കുകയും 17 പേര്‍ക്കും ഹോം ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.   

Tags:    

Similar News