കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; രൂക്ഷ വിമർശനവുമായി സിപിഐയും പ്രതിപക്ഷവും
സർക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കിൽ അതു തെറ്റാണ്. ദേശീയ ദിനപ്പത്രത്തിൽ ലേഖനം എഴുതാൻ ആരാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പ്രസ്താവന നിയമവിരുദ്ധമാണ്.
തിരുവനന്തപുരം: മഞ്ചിക്കണ്ടിയിൽ മാവോവാദികളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറിക്കെതിരെ സിപിഐയും പ്രതിപക്ഷവും. ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ രൂക്ഷവിമർശനമാണ് സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു നടത്തിയത്. പ്രതിപക്ഷം നിയസഭയിലും ചീഫ് സെക്രട്ടറിയുടെ നിലപാടിനെതിരെ രംഗത്തുവന്നു. അതേസമയം മാവോവാദി വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനം കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ലേഖനത്തിന്റെ കാര്യം നോക്കി മറുപടി പറയാമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നായിരുന്നു സിപിഐയുടെ വിമർശനം. സർക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കിൽ അതു തെറ്റാണ്. ദേശീയ ദിനപ്പത്രത്തിൽ ലേഖനം എഴുതാൻ ആരാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പ്രസ്താവന നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.
പാര്‍ട്ടി നിയോഗിച്ച കമ്മീഷൻ എന്ന നിലയിൽ മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ച ശേഷമായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവർത്തിക്കുന്ന അവസ്ഥമാണ് ഇപ്പോഴുള്ളത്. പോലിസ് നടപടികളിൽ അടക്കം നിലനിൽക്കുന്ന ദുരൂഹതകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ നടപടികൾ നടക്കുന്നതിനിടെ പോലിസിന്‍റെ നിലപാടുകൾ നാണക്കേട് ഉണ്ടാക്കി. എന്തെങ്കിലും സ്വാധീനം പോലിസിന് മേൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.
നിയമസഭയിലെ ശൂന്യവേളയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെപ്പറ്റി മുഖ്യമന്ത്രിയോട് ചോദിച്ചത്. ജീവിക്കാൻ അനുവാദമില്ലെന്ന് പറയാൻ ചീഫ് സെക്രട്ടറിക്ക് എന്താണ് അധികാരമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മാവോവാദികൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നുമാണ് ടോം ജോസ് ലേഖനത്തിൽ എഴുതിയത്.