സി പി ഐ മാര്‍ചിനു നേരെ ലാത്തിച്ചാര്‍ജ്:കലക്ടര്‍ സര്‍ക്കാരിന് അന്വേഷണ റിപോര്‍ട് കൈമാറി

ഇന്ന് രാവിലെ പ്രത്യേക ദുതന്‍ വഴിയാണ് സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.എല്ലാ കാര്യങ്ങളും താന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം ഇക്കാര്യങ്ങള്‍ താന്‍ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു

Update: 2019-07-29 07:13 GMT

കൊച്ചി: വൈപ്പിന്‍ ഗവ.ആര്‍ടസ് കോളജില്‍ ഉണ്ടായ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലിസ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്നും ഞാറയ്ക്കല്‍ സി ഐ ക്കെതിരെ നടപടിവേണമെന്നുമാവശ്യപ്പെട്ട് ഡി ഐജി ഓഫിസിലേക്ക് സി പി ഐ നടത്തിയ മാര്‍ചിനെതിരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും എംഎല്‍എ അടക്കമുള്ളവരുടെ കൈയക്ക് പൊട്ടലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അന്വേഷണ റിപോര്‍ട് സമര്‍പ്പിച്ചു. ഇന്ന് രാവിലെ പ്രത്യേക ദുതന്‍ വഴിയാണ് സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.റിപോര്‍ടിലെ ഉള്ളടക്കം സംബന്ധിച്ച് തനിക്ക് പറയാന്‍ കഴിയില്ലെന്നും റിപോര്‍ട് താന്‍ സമര്‍പ്പിച്ചുവെന്നും ചോദ്യത്തിന് മറുപടിയായി ജില്ലാ കലക്ടര്‍ പറഞ്ഞു.എല്ലാ കാര്യങ്ങളും താന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം ഇക്കാര്യങ്ങള്‍ താന്‍ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സി പി ഐയുടെ നേതൃത്വത്തില്‍ എറണാകുളം ഡി ഐ ജി ഒാഫിസിലേക്ക് സിപി ഐ മാര്‍ച് നടത്തിയത്. മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹമിന്റെ കൈയുടെ എല്ലിന് പൊട്ടലുണ്ടാകുകയും ജില്ലാ സെക്രട്ടറി പി രാജുവിന്റെ തലയക്കും അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതു കൂടാതെ എസിപി കെ ലാല്‍ജി അടക്കം ഏതാനും പോലിസുകാര്‍ക്കും പരിക്കേറ്റു.തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സി പി ഐ നേതാക്കള്‍,പ്രവര്‍ത്തകര്‍, പോലിസ് എന്നിവരില്‍ നിന്നും കലക്ടര്‍ മൊഴികളും തെളിവുകളും ശേഖരിച്ചിരിന്നു.ഇതിനു ശേഷമാണ് ഇന്ന് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്.

അതേ സമയം മാര്‍ചുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ജില്ല സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ അടക്കം കണ്ടാലറിയാവുന്ന 800ഓളം പേര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.കേസിന്റെ അന്വേഷണം.ക്രൈംഡിറ്റാച്‌മെന്റ് എസിപി ബിജി ജോര്‍ജിന് കൈമാറി.

Tags:    

Similar News