ഭരണകക്ഷി സമരത്തിന് പോയാല്‍ ഇങ്ങനെയിരിക്കുമെന്ന് ബാലന്‍; മന്ത്രിസഭായോഗത്തില്‍ സിപിഎം- സിപിഐ തര്‍ക്കം

എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ് വിഷയം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത്. കണ്ടാലറിയുന്ന എംഎല്‍എയെ ലോക്കല്‍ പോലിസ് തല്ലിയത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

Update: 2019-07-24 16:15 GMT

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയെ പോലിസ് മര്‍ദിച്ചതിനെതിരേ മന്ത്രിസഭായോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ മന്ത്രിമാര്‍. മുഖ്യമന്ത്രിയടക്കം പോലിസ് മര്‍ദനത്തിനെതിരേ രംഗത്തുവന്നപ്പോള്‍, സിപിഐക്കെതിരേ നിയമമന്ത്രി എ കെ ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ യോഗത്തില്‍ രൂക്ഷമായ തര്‍ക്കത്തിനും വാദപ്രതിവാദങ്ങള്‍ക്കുമിടയാക്കി. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ് വിഷയം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത്.

കണ്ടാലറിയുന്ന എംഎല്‍എയെ ലോക്കല്‍ പോലിസ് തല്ലിയത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എങ്കിലും ഒരു ജനപ്രതിനിധിക്ക് പോലിസ് മര്‍ദനമേല്‍ക്കേണ്ടിവരുന്നത് വളരെ പ്രതിഷേധകരമായ കാര്യമാണ്. എം എല്‍എയെ പരിചയമില്ലാത്ത, ആംഡ് ബറ്റാലിയനിലുള്ളവരോ സിആര്‍പിഎഫോ അല്ല മര്‍ദിച്ചത്. എംഎല്‍എയെ കണ്ടാല്‍ തിരിച്ചറിയാവുന്ന ലോക്കല്‍ പോലിസിലുള്ളവരാണ്. ഭരണഘടനാ പദവിയിലുള്ള ഒരു ജനപ്രതിനിധിയെ മര്‍ദിക്കുന്ന സമീപനമുണ്ടാവുന്നത് സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതിന്റെ ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ജി സുധാകരനും ചന്ദ്രശേഖരന്‍ പ്രകടിപ്പിച്ച വികാരത്തിനൊപ്പംനിന്നു. എന്നാല്‍, ഭരണപക്ഷത്തിരുന്നുകൊണ്ട് സമരങ്ങള്‍ നടത്തിയാല്‍ ഇങ്ങനെയിരിക്കുമെന്നായിരുന്നു നിയമമന്ത്രി എ കെ ബാലന്റെ വിമര്‍ശനം. ഇത് സിപിഐയുടെ മന്ത്രിമാരെ ചൊടിപ്പിച്ചു. പി തിലോത്തമനും വി എസ് സുനില്‍കുമാറും ബാലനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിക്കൊണ്ടുതന്നെയാണ് തങ്ങളും ഈ സ്ഥാനത്തെത്തിയത്. അടിയും കൊണ്ടിട്ടുണ്ട്. ഇനിയും അത്തരം അടികൊള്ളാന്‍ മടിയില്ല.

എന്നാല്‍, ഒരു എംഎല്‍എയെ പോലിസ് വളഞ്ഞിട്ട് തല്ലുന്നതിനോട് ഒരുതരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്നും ജനപ്രതിനിധികളെയും നിയമസംവിധാനത്തെയും അവഹേളിക്കുന്നതാണ് നടപടിയെന്നും സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. ബാലന്‍ സിപിഐക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിട്ടും മറ്റ് സിപിഎം മന്ത്രിമാര്‍ വിഷയത്തില്‍ മൗനം പാലിച്ചത് ശ്രദ്ധേയമായി. തര്‍ക്കം കൈവിട്ടുപോവുമെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി ഇടപെടുകയും പ്രശ്‌നം രമ്യമായി അവസാനിപ്പിക്കുകയായിരുന്നു. കലക്ടറുടെ അന്വേഷണ റിപോര്‍ട്ട് കിട്ടിയാല്‍ ഉചിതമായ നടപടിയുണ്ടാവുമെന്ന് സിപിഐയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

Tags:    

Similar News