അഞ്ചലിലെ സിപിഐയുടെ നിര്‍ബന്ധിത പണപ്പിരിവ്: ആരോപണവിധേയനായ വാര്‍ഡ് മെംബര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നംഗ സമിതിയെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായും നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൂന്നംഗസമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Update: 2020-01-03 01:13 GMT

കൊല്ലം: പാര്‍ട്ടിയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് കിടപ്പുരോഗികളുടെ തുച്ഛമായ ക്ഷേമപെന്‍ഷനില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആരോപണവിധേയനായ വാര്‍ഡ് മെംബറെ സിപിഐ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. എല്‍ഡിഎഫ് ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലെ 10ാം വാര്‍ഡ് അംഗം വര്‍ഗീസിനെതിരേയാണ് നടപടിയുണ്ടായത്. മൂന്നംഗ സമിതിയെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായും നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൂന്നംഗസമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.

ഫണ്ട് വിവാദ ആരോപണം പാര്‍ട്ടിയുടെ സല്‍പേരിനെ ബാധിച്ചതായി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി. അഞ്ചല്‍ പഞ്ചായത്ത് 10ാം വാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍നിന്ന് സിപിഐ പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ വര്‍ഗീസ് അനുവാദമില്ലാതെ 100 രൂപ വീതം പിരിച്ചുവെന്നാണ് ആരോപണം. പക്ഷാഘാതം വന്ന് അഞ്ചുവര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവയില്‍ പല തിയ്യതികളാണ് രേഖപ്പെടുത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സിപിഐ സംസ്ഥാന നേതൃത്വം അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാന്‍ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. 

Tags:    

Similar News