നടപ്പാലം പൊളിക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദ്ദനം; പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ

ഇരുട്ടിന്റെ മറവില്‍ നടത്തിയ കുത്സിത പ്രവര്‍ത്തി നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ആ ജാള്യത മറക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കള്ള പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഷവുമായി പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല.

Update: 2020-06-27 12:46 GMT

താനൂര്‍: നടപ്പാലം പൊളിക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. താനാളൂരില്‍ കുണ്ടുങ്ങല്‍- ചീരാന്‍ കടപ്പുറം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള നടപ്പാലം കഴിഞ്ഞ ദിവസം രാത്രി താനാളൂര്‍ പഞ്ചായത്ത് 22ാം വാര്‍ഡ് മെമ്പര്‍ വിഷാരത്ത് കാദര്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റുകയുണ്ടായി. ഇരുട്ടിന്റെ മറവില്‍ നടത്തിയ കുത്സിത പ്രവര്‍ത്തി നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ആ ജാള്യത മറക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കള്ള പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഷവുമായി പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല.

പോലിസ് നിര്‍ദേശത്തെതുടര്‍ന്നാണ് പാലം പൊളിച്ചതെന്നാണ് കാദര്‍കുട്ടിയുടെ അവകാശവാദം. സിപിഎം-ലീഗ് സംഘര്‍ഷം പതിവായ മേഖലയിലേക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയെ പാലം പൊളിക്കാന്‍ പോലിസ് നിയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നീതീകരിക്കാവുന്നതല്ല.

മേഖലയില്‍ വീണ്ടും അശാന്തി സൃഷ്ടിച്ച് രാഷ്ടീയ മുതലെടുപ്പ് നടത്തുകയാണ് കാദര്‍കുട്ടിയുടേയും സിപിഎമ്മിന്റെയും ലക്ഷ്യമെന്നും ഇത് പൊതുജനം തിരിച്ചറിയണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് നെറികെട്ട രാഷ്ട്രീയമാണ് വാര്‍ഡ് മെമ്പര്‍ നടത്തുന്നത് ഇത്തരം നീച പ്രവര്‍ത്തിക്കെതിരേ പാര്‍ട്ടി ശക്തമായ ജനകീയ പ്രധിരോധം തീര്‍ക്കുമെന്നും പാര്‍ട്ടിക്കെതിരെ നടക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി താനൂര്‍ പോലിസില്‍ പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറി വി അന്‍വര്‍, ഫിറോസ് കുണ്ടുങ്ങല്‍, ടി കെ എന്‍ ബഷീര്‍, സിദ്ധീക്ക് മൂലക്കല്‍, ടി പി എം നാസര്‍ പങ്കെടുത്തു.

Tags:    

Similar News