സിപിഎം 16 സീറ്റില്‍ മല്‍സരിക്കും; കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാര്‍ മല്‍സരരംഗത്തുണ്ടാവും
ജനതാദള്‍(എസ്) മല്‍സരിച്ച കോട്ടയം സീറ്റില്‍ ഇത്തവണ സിപിഎമ്മാവും മല്‍സരിക്കുക. സിപിഐ ഒഴികെ സീറ്റ് ആവശ്യപ്പെട്ട ഘടകകക്ഷികള്‍ക്കൊന്നും സീറ്റില്ലെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 16ലും സിപിഎം മല്‍സരിക്കും. ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സിറ്റിങ് എംപിമാരില്‍ പി കരുണാകരന്‍ ഒഴികെ എല്ലാവരും മല്‍സരരംഗത്തുണ്ടായേക്കുമെന്നാണ് സൂചന. സിറ്റിങ് എംഎല്‍എമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ജനതാദള്‍(എസ്) മല്‍സരിച്ച കോട്ടയം സീറ്റില്‍ ഇത്തവണ സിപിഎമ്മാവും മല്‍സരിക്കുക. സിപിഐ ഒഴികെ സീറ്റ് ആവശ്യപ്പെട്ട ഘടകകക്ഷികള്‍ക്കൊന്നും സീറ്റില്ലെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്. പത്തനംതിട്ട മണ്ഡലത്തില്‍ വേണമെങ്കില്‍ വിട്ടുവീഴ്ചയാവാമെന്നും സിപിഎം പറയുന്നു.
ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാവും. ഇന്നസെന്റിനെ ചാലക്കുടിയിലോ എറണാകുളത്തോ മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലില്‍ എ സമ്പത്തും പാലക്കാട് എം ബി രാജേഷും കണ്ണൂരില്‍ പി കെ ശ്രീമതിയും ആലത്തൂരില്‍ പി കെ ബിജുവും വീണ്ടും മല്‍സരിച്ചേക്കും. ആലപ്പുഴയില്‍ എ എം ആരിഫും വടകരയില്‍ സതീദേവിയും കോഴിക്കോട് പ്രദീപ് കുമാറും മല്‍സരിച്ചേക്കും. കൊല്ലത്ത് കെ എന്‍ ബാലഗോപാലാവും സ്ഥാനാര്‍ഥിയാവുക. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. ഇതിനുശേഷമാവും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പൂര്‍ണചിത്രം പുറത്തുവരിക.