അരൂരിൽ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം
തോൽവിയുടെ കാരണം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തിരുമാനിച്ചു.
തിരുവനന്തപുരം: അരൂർ മണ്ഡലത്തിൽ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തോൽവിയുടെ കാരണം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തിരുമാനിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സിപിഎം ആത്മപരിശോധന നടത്തിയത്.
അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ഷാനിമോൾക്കെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പ്രയോഗം അരൂർ മണ്ഡലത്തിൽ തിരിച്ചടിയായി. സ്ത്രീ വോട്ടർമാരെ പൂതന പരാമർശം എതിരാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
എറണാകുളത്ത് കനത്ത മഴ ഇടത് വോട്ടർമാരെ ബൂത്തിൽനിന്ന് അകറ്റി. മഞ്ചേശ്വരത്ത് സ്ഥാനാർഥിയുടെ ചില പരാമർശങ്ങൾ ന്യൂനപക്ഷങ്ങളെ എതിരാക്കിയെന്നും സിപിഎം വിലയിരുത്തി. അതേസമയം, അരൂരിലെ തോൽവിയുടെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.