സിഎജി റിപ്പോർട്ട്: വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം
യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകൾ ഉണ്ടായത്. വിവാദങ്ങൾ അവഗണിച്ച് പാർട്ടിയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: അഴിമതിയുടെ പേരിൽ ആഭ്യന്തര വകുപ്പിനേയും ഡിജിപി ലോക്നാഥ് ബെഹ്റയേയും പ്രതിസ്ഥാനത്ത് നിർത്തുന്ന സിഎജി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി സിപിഎം. നിലവിൽ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകൾ ഉണ്ടായത്. വിവാദങ്ങൾ അവഗണിച്ച് പാർട്ടിയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചു. കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന സമിതിയുമാണ് ചേരുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും വിവാദവിഷയങ്ങൾ നേതൃയോഗങ്ങളിൽ ചർച്ചയാകും. കഴിഞ്ഞ മാസം കേരളത്തിൽ നടന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിങ് യോഗത്തിൽ നടക്കും. ഗവർണ്ണർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു വരുമെന്നാണ് വിലയിരുത്തൽ. പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷം നടക്കുന്ന ആദ്യയോഗമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും മനുഷ്യമഹാശൃംഖലയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗം വിലയിരുത്തും.