മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് വേദനാജനകം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള കടമ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് മേഖല .എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് ഈ മേഖല അനിശ്ചിതത്തിലായിരിക്കുകയാണ്

Update: 2020-03-06 12:10 GMT

കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് വേദനാജനകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിര്‍മാണമേഖലയെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഇത് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്രെഡായ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള കടമ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് മേഖല .

എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് അനിശ്ചിതത്തിലായിരിക്കുകയാണ് ഈ മേഖലയെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. നഗരവല്‍കരണത്തില്‍ ക്രെഡായ്ക്ക് വലിയ പങ്കുണ്ടെന്നും ഈ മേഖലയുടെ ഇന്നത്തെ വലിയ വെല്ലുവിളി വിദഗ്ധരുടെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ക്രെഡായ് കേരള ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. നശീകരണത്തെക്കാള്‍ തെറ്റ് തിരുത്തലിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന കനത്ത വെല്ലുവിളി സി ആര്‍ ഇസഡ് നോട്ടിഫിക്കേഷന്റെ അപാകതയും ആശയകുഴപ്പവുമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ക്രെഡായ് ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് നാഗരാജ് റെഡ്ഡി പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും എവിടെ തുടങ്ങണം എന്നത് പുതിയ തലമുറയ്ക്ക് അറിയില്ലെന്നും വ്യവസായവല്‍കരണത്തിലൂടെ മാത്രമേ കേരളത്തിന് ഭാവിയില്‍ നിലനില്‍പ്പുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. അനന്ത സാധ്യതയുള്ള കേരളത്തിന് വിലങ്ങു തടിയായി നില്‍കുന്നത് പക്വതയില്ലാത്ത നിയമങ്ങളും ചട്ടങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, കണക്റ്റിവിറ്റി, ഉയര്‍ന്ന സാക്ഷരത തുടങ്ങി അനുകൂലഘടകങ്ങള്‍ കേരളത്തിനുണ്ടെങ്കിലും ഇതെല്ലാം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വ്യക്തമായ ധാരണയില്ലാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നമെന്ന് മുഖ്യപ്രഭാഷകന്‍ അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി അഭ്രിപ്രായപെട്ടു. ക്രെഡായ് മുന്‍ ദേശീയ ഉപാധ്യക്ഷന്മാരായ പ്രകാശ് ചെല്ല, എസ്. എന്‍ രഘുചന്ദ്രന്‍ നായര്‍, നാഗരാജ് റെഡ്ഡി, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ എം വി ആന്റണി സംസാരിച്ചു.

Tags:    

Similar News