ചെങ്കൊടി കാണുമ്പോള്‍ മാടമ്പിമാരെപ്പോലെ ഇപ്പോഴും ചിലര്‍ക്ക് അലര്‍ജി: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയില്‍ പദ്ധതി നാടിനാവശ്യം.പദ്ധതി നടപ്പിലാക്കും.നാടിന്റെ വികസനത്തിന് സഹായം ചെയ്തു തരേണ്ടത് കേന്ദ്രമാണ് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.യുഡിഎഫ് ബിജെപിയെ കൂട്ടു പിടിച്ചാണ് എതിര്‍ക്കുന്നത്.നാടിനെ പിന്നോട്ടടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭാവി തലമുറയ്ക്ക് വേണ്ടിനാട് കാലാനുതൃസമായി മാറണം

Update: 2022-03-04 13:57 GMT

കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ പണ്ടത്തെ മാടമ്പിമാരെപ്പോലെ ചിലര്‍ക്ക് ഇപ്പോഴും വല്ലാത്ത അലര്‍ജ്ജിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അവിടെ ചെങ്കൊടി കാണുന്നു ഇവിടെ ചെങ്കൊടി കാണുന്നുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.അവരോട് ഒന്നേ പറയാനുള്ളു ഇത് പണ്ട് പലരും ചോദിച്ചതാണ്. അത് മാടമ്പിമാരായിരുന്നു. ആ മാടമ്പിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങിന്റെയും തണലിന്റെയും ഭാഗമായി വളര്‍ന്നു വന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചുവപ്പ് കാണുമ്പോള്‍ വല്ലാതെ ഹാലിളകുന്ന അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്ന് അത്തരം ആളുകളും ശക്തികളും മനസിലാക്കുന്നത് നല്ലതാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളാണ് ഈ സംസ്ഥാന സമ്മേളനം ഏറ്റെടുത്തതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.കേരളത്തിലെയും രാജ്യത്തെയും പാര്‍ട്ടിക്ക് ആകെ അഭിമാനിക്കാവുന്ന വിധത്തിലുളള സമ്മേളനമാണ് എറണാകുളത്ത് നടന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

2016 നു മുമ്പ് പൊതുവിദ്യാഭ്യാസം വല്ലാത്ത തകര്‍ച്ചയിലായിരുന്നു. ഇന്ന് സ്ഥിതി മാറി.വലിയ മുന്നേറ്റം ഈ മേഖലയില്‍ നടത്താന്‍ സാധിച്ചു. കാലാനുസൃതമായി ഇനിയും മേഖല മാറേണ്ടതുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖല കുറെക്കൂടി ശാക്തീകരിക്കണം. ലോകോത്തര നിലവാരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ വേണം.അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത്തരം സ്ഥാപനങ്ങളുടെ കുറവ് മൂലമാണ് കേരളത്തിലെ കുട്ടികള്‍ക്ക് ലോകത്തിന്റെ പല ഭാഗത്തും പഠിക്കാന്‍ പോകേണ്ടി വരുന്നത്. സര്‍ക്കാര്‍ ഇവിടെ ലോകോത്തര സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ചിലര്‍ നടക്കാന്‍ പാടില്ലാത്തതെന്തോ ഇവിടെ നടക്കുന്നുവെന്ന തരത്തില്‍ പ്രചരണം അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എന്തിനാണ് ഇത്തരത്തില്‍ അനാവശ്യ വിവാദം ഉണ്ടാകാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് മാഹാമാരിക്കു മുന്നില്‍ വികസനത്തിന്റെ ഉത്തമ മാതൃകയെന്ന് പറഞ്ഞിരുന്ന രാജ്യങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കേരളത്തിന്റെ ആരോഗ്യ ശേഷിയെ മറികടന്നു പോകത്തക്കവിധത്തിലുള്ള ശേഷി കൊവിഡ് മഹാമാരിക്കുണ്ടായില്ല. നമ്മള്‍ ലോകത്തിനു മാതൃകയായി നിലകൊണ്ടു. ആരോഗ്യരംഗത്ത് കൃത്യമായ ദിശാബോധത്തോടെ നടപ്പാക്കിയ പദ്ധതികളാണ് ഇതിന് സഹായകമായത്.ഇനിയും കൂടുതല്‍ ആധുനിക സൗകര്യമുള്ള ആശുപത്രികളും മറ്റും ഇവിടെ ആവശ്യമാണെന്നും ഇതെല്ലാം വികസന രേഖയില്‍ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് വേണ്ട മാറ്റം വരുത്തിയതിനു ശേഷം നാടിനു മുന്നില്‍  വികസന രേഖ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ വികസനത്തിന് സഹായം ചെയ്തു തരേണ്ടത് കേന്ദ്രമാണ് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.

കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായം കുറഞ്ഞു വരികയാണ്. ഇതുമൂലം സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ് എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്.നിരവധി തവണയാണ് ഇതിനായി കേരളം കേന്ദ്രത്തെ സമീപിച്ചത്.കേന്ദ്ര ബജറ്റവതരണത്തിനും വളരെ നേരത്തെ മുമ്പു തന്നെ പ്രധാനമന്ത്രിയെ അടക്കമുള്ളവരെ സന്ദര്‍ശിച്ച് ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതാണ്. പക്ഷേ ഫലമുണ്ടായില്ല.ഇവിടുത്തെ ബിജെപി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം എതിരാണ്.സംസ്ഥാനത്തിന് കാലനുസൃതമായി ഉണ്ടാകേണ്ട വികസനം തടയുന്ന സമീപനമാണ് കേന്ദ്രത്തിലെ ഭരണ കക്ഷി സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് നാടിന്റെ വികസനത്തിന് ഏതെല്ലാം വിധത്തില്‍ തുരങ്കം വെയ്ക്കാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിലെ യാത്രാ സൗകര്യം ഇനിയും വര്‍ധിക്കേണ്ടത് അനിവാര്യമാണ്.യുഡിഎഫ് സര്‍ക്കാര്‍ അതിവേഗ റെയില്‍പാതയെക്കുറിച്ച് ചിന്തിച്ചിരുന്നതാണ്. എന്നാല്‍ അതിവേഗം വേണ്ട പകരം സെമി ഹൈസ്പീഡ് റെയില്‍ മതി എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇത് നാടിന്റെ ഭാവി വികസനത്തിന് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഇതിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.പദ്ധതിക്കെതിരെ വലിയ എതിര്‍പ്പുമായി യുഡിഎഫും ബിജെപിയും രംഗത്ത് വന്നിരിക്കുകയാണ്.യുഡിഎഫ് ബിജെപിയെ കൂട്ടു പിടിച്ചാണ് എതിര്‍ക്കുന്നത്.നാടിനെ പിന്നോട്ടടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭാവി തലമുറയ്ക്ക് നാട് കാലാനുതൃസമായി മാറണം. അല്ലെങ്കില്‍ അവര്‍ നമ്മളെ കുറ്റപ്പെടുത്തും.

ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍ എന്നതിന് ബിജെപിക്കും യുഡിഎഫിനും ഉത്തരമില്ല. നാള്‍ക്കു നാള്‍ പദ്ധതിയുടെ ചിലവ് വര്‍ധിക്കുകയേയുള്ളു. എന്തായാലും കെ റെയില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ്.ജനങ്ങള്‍ക്കൊപ്പം നിന്ന് ചെയ്യാന്‍ കഴിയുന്നത് ചെയ്യും. നാടിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശരിയായ രീതിയിലുള്ള ഇടപെടല്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.നാടിനെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ചുമതലയുണ്ട്.ജനതാല്‍പര്യം സംരക്ഷിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Tags:    

Similar News