എ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്‍:എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല:കൊടിയേരി ബാലകൃഷ്ണന്‍

അധ്യാപക സംഘടനകള്‍,വിദ്യാര്‍ഥി സംഘടനകള്‍ മറ്റ് സംഘടനകളൊക്കെ നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണിത്.പക്ഷേ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെ ആവശ്യം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല

Update: 2022-05-27 06:36 GMT

കൊച്ചി: മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്കു വിടാന്‍ സര്‍ക്കാര്‍ ഇപ്പോല്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്കു വിടണമെന്ന എ കെ ബാലന്റെ പരാമര്‍ശം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍.

അധ്യാപക സംഘടനകള്‍,വിദ്യാര്‍ഥി സംഘടനകള്‍ മറ്റ് സംഘടനകളൊക്കെ നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണിത്.പക്ഷേ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെ ആവശ്യം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല.കേരളത്തില്‍ സ്വകാര്യ സ്ഥാപനങ്ങളാണ് കൂടുതലും പ്രവര്‍ത്തിക്കുന്നത്.ഇക്കാര്യത്തില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സംഘടനകള്‍ക്കും കാര്യങ്ങള്‍ പറയാനുണ്ടാകും.ഇത്തരത്തില്‍ പ്രായോഗികമായ എല്ലാ വശങ്ങളും നോക്കി അഭിപ്രായ സമന്വയം ഉണ്ടാക്കി നടപ്പില്‍ വരുത്തേണ്ട കാര്യമാണിത്.ഇപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാരോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ഇപ്പോള്‍ അതിന് ഉദ്ദേശിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെ പോലിസ് അറസ്റ്റു ചെയ്തതെന്നും അല്ലാതെ അദ്ദേഹം ആരോപിക്കുന്നതു പോലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും ചോദ്യത്തിന് മറുപടിയായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പി സി ജോര്‍ജ്ജ് ഉന്നയിച്ച കാര്യങ്ങള്‍ ബി ജെ പിയുടെ ശബ്ദമാണ്.വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്ന ആളുകളെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് ആര്‍എസ് എസിന്റെ നിലപാടെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News