സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്:പങ്കെടുക്കുന്നതില്‍ തീരുമാനമായില്ല;കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് കെ വി തോമസ്
സോണിയാ ഗാന്ധി അടക്കമുള്ളവരെ കാര്യം ധരിപ്പിച്ചിട്ടുണ്ട്.തീരുമാനം വരട്ടെ.തീരുമാനം അനുകൂലമാണോ പ്രതികൂലമാണോയെന്നൊക്കെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു
കൊച്ചി: സിപി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സോണിയാ ഗാന്ധി അടക്കമുള്ളവരെ കാര്യം ധരിപ്പിച്ചിട്ടുണ്ട്.തീരുമാനം വരട്ടെ.തീരുമാനം അനുകൂലമാണോ പ്രതികൂലമാണോയെന്നൊക്കെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രോഗ്രാമില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയും സീതാറാം യെച്ചൂരിയും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.ബിജെപിക്കെതിരായി ദേശിയ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാകണമെന്ന് ശരത് പവാറും പറഞ്ഞിട്ടുണ്ട്.ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതേ കാഴ്ചപ്പാടാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.കണ്ണൂരില്‍ നടക്കുന്നത് സിപിഎമ്മിന്റെ ദേശിയ സമ്മേളനമാണ്.ദേശീയ നേതാക്കന്മാര്‍ അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്.സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് താനല്ല ആഗ്രഹിക്കുന്നത് സിപിഎം ആണ് ആഗ്രഹിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് നേരിട്ട് എതിര്‍ക്കുന്നതിനാല്‍ സിപിഎമ്മിന്റെ പ്രോഗ്രാമില്‍ പങ്കെടുക്കരുതെന്ന് തന്നോട് പറയാനുള്ള അവകാശവും അധികാരവും കെപിസിസി നേതൃത്വത്തിനുണ്ടെന്നും കെ വി തോമസ് പറഞ്ഞു.വികസനത്തിന്റെ കാര്യത്തില്‍ യോജിപ്പുണ്ടാകണമെന്നാണ് തന്റെ നിലപാട്. അത് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.പൊതുവായ വികസനത്തിന്റെ കാര്യത്തിലാണ്. അല്ലാതെ കെ റെയില്‍ എന്ന വിഷയത്തിലല്ലെന്നും കെ വി തോമസ് പറഞ്ഞു.