ക്രൈംബ്രാഞ്ച് കേസ്: ഇ ഡി യുടെ ഹരജിയില്‍ സ്‌റ്റേ ഇല്ല; ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി
ഹരജിയില്‍ വിശദീകരണം നല്‍കാനുണ്ടെന്നും വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. നാളെ വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി:മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇ ഡി ഉദ്യോസ്ഥര്‍ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.
ഹരജിയില്‍ വിശദീകരണം നല്‍കാനുണ്ടെന്നും വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. നാളെ വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇത് അംഗീകരിച്ചു.ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി ഇത് രേഖപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ തുടര്‍ച്ചയായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമാണ് ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്നും കേസ് റദ്ദാക്കണമെന്നും ഇ ഡി ആവശ്യപ്പെട്ടു.കേസിന്റെ അന്വേഷണം സിബി ഐ ക്ക് കൈമാറണമെന്നും ഇ ഡി ആവശ്യപ്പെട്ടു.
ഹരജിയില്‍ നാളെ വിശദമായ വാദം നടക്കും.ക്രൈംബ്രാഞ്ച് രണ്ട് കേസാണ് ഇ ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇ ഡി ക്കെതിരെ രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്.സന്ദീപ് നായരെ ജയിലില്‍ ചോദ്യം ചെയ്തതിന്റെ മൊഴി വിവരങ്ങള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്