സോളാര്‍ കേസ്: മൂന്ന് എംഎല്‍എമാര്‍ക്കെതിരേ സ്ത്രീ പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു

അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം എന്നിവയാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്.

Update: 2019-03-14 12:17 GMT

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരേ സ്ത്രീ പീഡനത്തിനാണ് കേസെടുത്തത്. സോളാര്‍ വ്യവസായം ആരംഭിക്കാന്‍ സഹായം വാഗ്ദാനം നല്‍കി ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റുചില അഭിഭാഷകരും നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് സൂചന. എംഎല്‍എമാര്‍ക്കെതിരായ എഫ്‌ഐആര്‍ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കി.

അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം എന്നിവയാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്. ഇതേ പരാതിയില്‍ ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരേ ബലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇതിന്റെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസ് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇവരില്‍ ചിലര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കുമെന്നതില്‍ സംശയമില്ല.

Tags:    

Similar News