മല്‍സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന വിമര്‍ശനം; തന്റെ ഇംഗ്ലീഷ് മനസ്സിലാവാത്തതിന്റെ കുഴപ്പമെന്ന് ശശി തരൂര്‍
മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്കുപോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ഥം വരുന്ന പരാമര്‍ശമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഓക്കാനം വരുന്ന squeamishly എന്ന വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെതിരേയാണ് ആക്ഷേപമുയര്‍ന്നത്.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മല്‍സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമായതിനെത്തുടര്‍ന്ന് വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്കുപോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ഥം വരുന്ന പരാമര്‍ശമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഓക്കാനം വരുന്ന squeamishly എന്ന വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെതിരേയാണ് ആക്ഷേപമുയര്‍ന്നത്. തിരുവനന്തപുരത്തെ മല്‍സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ തരൂര്‍ ട്വിറ്ററില്‍ കുറിപ്പ് പങ്കുവച്ചത്.
എന്നാല്‍, മല്‍സ്യത്തൊഴിലാളികളെ അപമാനിച്ച തരൂര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സിപിഎമ്മും മല്‍സ്യത്തൊഴിലാളി സംഘടനകളും രംഗത്തെത്തി. കൊച്ചി തോപ്പുംപടി, സൗദി കടപ്പുറത്താണ് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സോഷ്യല്‍ മീഡിയകളിലടക്കം സംഭവം ചര്‍ച്ചയായതോടെയാണ് മറുപടിയുമായി തരൂര്‍ രംഗത്തെത്തിയത്. താനുപയോഗിച്ച വാക്കിനെ തെറ്റായ അര്‍ഥത്തിലാണെടുത്തതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. squeamishly എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി തുടങ്ങിയ അര്‍ഥങ്ങളാണുള്ളതെന്ന് ഓളം ഡിക്ഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം തരൂര്‍ ട്വീറ്റ് ചെയ്തു. മലയാളി ഇടതുപക്ഷ നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസ്സിലാവാത്തതിന്റെ കുഴപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.