എക്‌സ്‌റേ ദൃശ്യപരതയുള്ള ജൈവശസ്ത്രക്രിയാ നൂലുമായി കുസാറ്റ് ഗവേഷക സംഘം
കുസാറ്റ് പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിലെ ഡോ. ജി എസ് ഷൈലജയുടെ കീഴില്‍ സ്‌നേഹ കെ രാമനാഥനാണ് ശസ്ത്രക്രിയാ നൂല്‍ വികസിപ്പിച്ചെടുത്തത്. പ്രകൃതിദത്തവും സമൃദ്ധവുമായ ചണ കൈത (അഗാവേ സിസിലാന) എന്ന സെല്ലുലോസ് സമ്പുഷ്ടമായ സസ്യത്തിന്റെ ഇലകളിലെ നാരുകളില്‍ നിന്നാണ് നൂല്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്
കൊച്ചി: എക്‌സ്‌റേയില്‍ കാണാന്‍ കഴിയുന്ന ജൈവശസ്ത്രക്രിയാ നൂല്‍ വികസിപ്പിച്ചെടുത്ത് കുസാറ്റ് ഗവേഷണ സംഘം. ശസ്ത്രക്രിയാനന്തര നിരീക്ഷണത്തിനും പരിചരണത്തിനും ഏറെ സഹായകരമായ ഈ നൂലുകളുടെ കണ്ടുപിടുത്തം ചികില്‍സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും. കുസാറ്റ് പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിലെ ഡോ. ജി എസ് ഷൈലജയുടെ കീഴില്‍ സ്‌നേഹ കെ രാമനാഥനാണ് ശസ്ത്രക്രിയാ നൂല്‍ വികസിപ്പിച്ചെടുത്തത്.
പ്രകൃതിദത്തവും സമൃദ്ധവുമായ ചണ കൈത (അഗാവേ സിസിലാന) എന്ന സെല്ലുലോസ് സമ്പുഷ്ടമായ സസ്യത്തിന്റെ ഇലകളിലെ നാരുകളില്‍ നിന്നാണ് നൂല്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്. ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്തതും ആഗിരണം ചെയ്യാന്‍ സാധിക്കുന്നമായ ഈ നൂലുകളില്‍ ബാക്റ്റീരിയകളുടെ ആക്രമണത്തെ ചെറുക്കാനുള്ള സ്വതസിദ്ധമായ കഴിവും സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.ശസ്ത്രക്രിയകള്‍ക്കും ശസ്ത്രക്രിയനാന്തര പരിചരണത്തിനും പ്രധാനമാണ് എക്‌സ്‌റേ, സി ടി സങ്കേതങ്ങള്‍ ഉപയോഗിച്ചുളള നിരീക്ഷണം.കുസാറ്റില്‍ വികസിപ്പിച്ചെടുത്ത ശസ്ത്രക്രിയാ നൂലുകള്‍ ഉപയോഗിക്കുമ്പോള്‍ ഇമേജിങ്ങിലൂടെ ആന്തരിക മുറിവിന്റെ ശസ്ത്രക്രിയനാന്തര നിരീക്ഷണം സാധ്യമാക്കുന്നു.
കൂടാതെ പുന:ശസ്ത്രക്രിയ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മുറിവ് എവിടെ എന്ന് തിരിച്ചറിയാനുള്ള അടയാളമായും ഇത് പ്രവര്‍ത്തിക്കുന്നു. ക്ലിപ്പുകള്‍, വളയങ്ങള്‍ പോലുള്ള മെറ്റാലിക് റേഡിയോ ഒപേക് മാര്‍ക്കറുകള്‍ നിലവിവില്‍ ഈ ആവശ്യം നിര്‍വഹിക്കുന്നുണ്ടങ്കിലും അവ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയ ആവശ്യമാണ് എന്നതാണ് ദോഷം. അത്തരം അടയാള വസ്തുക്കള്‍ നീക്കം ചെയ്യാതിരുന്നാല്‍ മൃദുവായ ആന്തരിക കോശങ്ങളില്‍ അവ തുളച്ചു കയറുകയോ മുറിവേല്പിക്കുകയോ ചെയ്യാം. പുതിയതായി വികസിപ്പിച്ചെടുത്ത ഈ നൂലുകള്‍ ഉപയോഗിക്കുക വഴി അനാവശ്യമായി വേണ്ടി വരുന്ന ഇത്തരം ശസ്ത്രകിയ തന്നെ ഒഴിവാക്കാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ചണ കൈതയുടെ നാരുകള്‍ നിയന്ത്രിത മെര്‍സിറൈസേഷന്‍, ബ്ലീച്ചിങ് എന്നീ പ്രക്രിയകളിലൂടെ പലതരം ആന്റിബയോട്ടിക് സംയുക്തങ്ങള്‍ സംഭരിക്കുവാന്‍ പ്രാപ്തമാക്കുന്നു. അതിനാല്‍ ബാക്റ്റീരിയ അണുബാധയെ തടയാന്‍ ശേഷിയുണ്ട്. ഈ ജൈവശസ്ത്രക്രിയാ നൂലുകള്‍ നല്ല ബലമുള്ളതാണ്. ഡിജിറ്റല്‍ എക്‌സ്‌റേ, മൈക്രോ സി ടി എന്നിവയാല്‍ നൂലുകളെ വിശകലനം ചെയ്തപ്പോള്‍ വലിയ അളവിലുള്ള ദൃശ്യതീവ്രത കാണപ്പെട്ടു. ഇതും ചികില്‍സാ ഉപയോഗം വളരെ വര്‍ധിപ്പിക്കുന്ന ഘടകമാണ്. സ്റ്റാഫയലോ കോക്കസ് ഓറിയസ്, എന്റോ കോക്കസ് ഫെകാലിസ്, എസ്‌കെര്‍ഷ്യ കോളി തുടങ്ങി വിവിധ ബാക്റ്റീരിയകളെ തടയുകയും തുടര്‍ച്ചയായ നിരീക്ഷണം എളുപ്പമാക്കുകയും ചെയ്യുന്നുവെന്നതും ഈ ജെവശസ്ത്രക്രിയാ നൂലുകളുടെ സവിശേഷതയാണ്. ശസ്ത്രക്രിയ ചികില്‍സാ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ പോകുന്ന ഈ കണ്ടുപിടുത്തതിനുള്ള പേറ്റന്റ്് ലഭിക്കുന്നതും കാത്തിരിക്കുകയാണ് കുസാറ്റ് ഗവേഷണ സംഘം.