വാഴത്തോട്ടങ്ങളിലെ കാറ്റ് വീഴ്ച്ച മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ തടയാന്‍ സംവിധാനവുമായി കുസാറ്റ് സംഘം
മണ്ണ്, കാറ്റിന്റെ ഗതി, വേഗത, സ്ഥല വിസ്തൃതി, വാഴയുടെ ഇനം, കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് കുസാറ്റിലെ പ്രഫസര്‍മാരായ ഡോ. എം ബി സന്തോഷ് കുമാര്‍, ഡോ. ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ അഗ്രികള്‍ച്ചറിംഗ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ആണ് വാഴത്തോട്ടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചത്.
കൊച്ചി : വാഴക്കൃഷി തോട്ടങ്ങളില്‍ കാറ്റ് വീഴ്ച്ച മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയാന്‍ സാങ്കേതിക സംവിധാനമൊരുക്കി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്) സംഘം രംഗത്ത്. മണ്ണ്, കാറ്റിന്റെ ഗതി, വേഗത, സ്ഥല വിസ്തൃതി, വാഴയുടെ ഇനം, കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് കുസാറ്റിലെ പ്രഫസര്‍മാരായ ഡോ. എം ബി സന്തോഷ് കുമാര്‍, ഡോ. ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ അഗ്രികള്‍ച്ചറിംഗ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ആണ് വാഴത്തോട്ടങ്ങളില്‍ വിജയകരമായി പരീക്ഷിച്ച് കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത നല്‍കുന്നത്. ഇതിനുള്ള പേറ്റന്‍സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
വാഴകളില്‍ ഘടിപ്പിക്കുന്ന ബെല്‍റ്റുകള്‍ വഴി കാറ്റിന്റെ ഗതിയും, വേഗതയും, മണ്ണിന്റെ ഉറപ്പും അനുസരിച്ച് ക്രമീകരിച്ച് പരസ്പരമോ, നേരിട്ടോ ഉറപ്പിച്ച് നിര്‍ത്തി സംരക്ഷിക്കുന്ന രീതിയാണ് പാന്‍ സിസ്റ്റം. കുലയുടെ വലിപ്പം മൂലം വാഴകള്‍ ഒടിഞ്ഞു വീഴുന്നത് തടയാനും ഇത് മൂലം സാധിക്കുമെന്ന് ഇവര്‍ അവകാശപെടുന്നു.പരമ്പരാഗത രീതികളായ താങ്ങിനിര്‍ത്തല്‍, വലിച്ച് കെട്ടല്‍ തുടങ്ങിയവ അശാസ്ത്രിയമായ രീതിയിലുള്ളതും, അധിക ചിലവുകള്‍ ഉണ്ടാക്കുന്നതുമായതിനാല്‍ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങള്‍ ഇന്ത്യന്‍ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. എം ബി സന്തോഷ് കുമാര്‍ പറഞ്ഞു. ശരാശരി ഒരു വാഴക്ക് 60 രൂപ ചിലവില്‍ പാന്‍സ് സിസ്റ്റം നടപ്പാക്കാന്‍ സാധിക്കും. ഒരു പ്രാവശ്യം ഉപയോഗിച്ച പാന്‍ സിസ്റ്റം വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നത് ചിലവ് ചുരുക്കലിനും സാധ്യമാക്കുമെന്നും ഇവര്‍ പറഞ്ഞു. കുസാറ്റ് വൈസ് ചാന്‍സിലര്‍ കെ എന്‍ മധുസൂനന്‍, ഡോ.ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.