റവന്യൂ ഉത്തരവിന്റെ മറവില്‍ മരം മുറിക്കല്‍: ഇടുക്കിയിലും വനംവകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: റവന്യൂ ഉത്തരവിന്റെ മറവില്‍ മരംമുറിച്ച സംഭവത്തില്‍ ഇടുക്കിയിലും വനംവകുപ്പ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്തിലുള്ള സംഘം കുമളി ഫോറസ്റ്റ് റേഞ്ചിലാണ് ആദ്യം പരിശോധന നടത്തുന്നത്. ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്റെ മറവിലാണ് അനധികൃതമായി മരം മുറിച്ചത്. ഈ സംഭവത്തെക്കുറിച്ച് സംഘം വിശദമായ അന്വേഷണം നടത്തും. വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാലില്‍ ഉള്‍പ്പടെ നടന്ന മരംമുറിയും അന്വേഷണസംഘം പരിശോധിക്കും. അതേസമയം, റവന്യൂ വകുപ്പിന്റെ ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്നാണ് മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്.
ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ മരം മുറിക്കുകയാണുണ്ടായത്. 1964 ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍നിന്ന് മരം മുറിക്കാനാണ് അനുമതിയുണ്ടായിരുന്നത്. അനധികൃതമായി മരം മുറിക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചതെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. മരം മുറി സംഭവത്തില്‍ നേരത്തെ കേസെടുത്ത വനംവകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഉടുമ്പഞ്ചോല ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവിലായിരുന്നു അനധികൃത മരം മുറിക്കല്‍.
അനുമതിയില്ലാതെ പൊതുമരാമത്ത് മുറിച്ച മരങ്ങള്‍ പലതും കാണാതായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും കരാറുകാരനെതിരേയുമാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം 10 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ പാടുള്ളൂ. എന്നാല്‍, ഇവിടെ നിന്നും മുറിച്ചുകടത്തിയത് അമ്പതിലധികം മരങ്ങളാണ്. അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നാണ് റിപോര്‍ട്ട്. ഉടുമ്പന്‍ചോല ചിത്തിരപുരം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ കണക്ക് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം കഴിഞ്ഞമാസം 28ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ 10 മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് കണ്ടെത്തി. അപകടാവസ്ഥയിലുള്ള ആറ് മരങ്ങളും റോഡിന് നടുവില്‍ നില്‍ക്കുന്ന നാല് മരങ്ങളും മുറിക്കാനായിരുന്നു നിര്‍ദേശം. കരിവെട്ടി, വെള്ളിലാവ്, ഞാവല്‍, ചന്ദനവയമ്പ്, ചേല, കുളമാവ്, പാല എന്നിവയുള്‍പ്പെടെയുള്ള മരങ്ങളായിരുന്നു പട്ടികയില്‍. എന്നാല്‍, അപകടാവസ്ഥയിലായ മരങ്ങളെന്ന വ്യാജേനെ വ്യാപകമായി മരം മുറിയ്ക്കല്‍ നടക്കുകയായിരുന്നു.