ആന്‍ഡമാന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യത
കോഴിക്കോട്: വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആന്‍ഡമാന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്രന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ അതിതീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കുകയായിരുന്നു. കാര്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്ക് വടക്ക് കിഴക്കായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 110 കിലോമീറ്റര്‍ വടക്ക് കിഴക്കായും സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാവും അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപിലും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട്‌ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
22ന് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മ്യാന്‍മര്‍ തീരത്തും മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 22ന് വടക്കന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് കിഴക്കന്‍ ബംഗ്ലാദേശ് തീരത്തും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ തിയ്യതികളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടില്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഭൂപടം പരിശോധിക്കുക. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.